വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണം; സ്വത്രന്ത എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍

ഭരണപക്ഷത്തെ വിമത എംഎല്‍എമാര്‍ ഇപ്പോഴും മുംബൈയില്‍ തന്നെ തുടരുകയാണ്.  

Last Updated : Jul 22, 2019, 07:45 AM IST
വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണം; സ്വത്രന്ത എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കണമെന്ന ആവശ്യവുമായി രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു.

എച്ച്.നാഗേഷ്, ആര്‍.ശങ്കര്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയ അനശ്ചിതാവസ്ഥ ഇല്ലാതാക്കാന്‍ കോടതി ഇടപെടണമെന്നും ഇവര്‍ ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചു.

ഭരണപക്ഷത്തെ വിമത എംഎല്‍എമാര്‍ ഇപ്പോഴും മുംബൈയില്‍ തന്നെ തുടരുകയാണ്. രാജിയില്‍ ഉറച്ചുനില്‍ക്കുന്ന ഇവരെ അയോഗ്യരാക്കുമെന്നാണ് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നിലവിലെ സഖ്യസര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അല്ലാതെ പണമോ പദവിയോ മോഹിച്ചല്ല മുംബൈയില്‍ തുടരുന്നതെന്നും വിമതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കോണ്‍ഗ്രസ്‌ നേതാവ് പി.സി.വിഷ്ണുനാഥ് അറിയിച്ചു. ഇതിനിടെ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ നിയമസഭാകക്ഷി യോഗം ചേര്‍ന്ന്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. മറുവശത്ത് ബിജെപിയും നിയമസഭാംഗങ്ങളുടെ യോഗം ചേരുന്നുണ്ട്.

വ്യാഴാഴ്ച മുഖ്യമന്ത്രി കുമാരസ്വാമി സഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ വിശ്വാസപ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് നടന്നില്ല. രണ്ട് ദിവസവും സഭ വിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച നടത്തി പിരിയുകയായിരുന്നു. ഇതിനിടെ വിഷയത്തില്‍ ഗവര്‍ണര്‍ വാജുഭായ് വാല ഇടപെട്ടതും വലിയ വിവാദങ്ങള്‍ക്കിടയാക്കി.

എന്തായാലും അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ കുമാരസ്വാമി സര്‍ക്കാരിന് ഇന്ന് നിര്‍ണ്ണായക ദിനമാണ്.

Trending News