മെഹുല്‍ ചോക്‌സി വിഷയത്തില്‍ തിരിച്ചടിച്ച് രാഹുല്‍; ഒപ്പം മോദിയുടെ 2016 ലെ വീഡിയോയും

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യം വിട്ട വിവാദ വജ്ര വ്യവസായി മെഹുല്‍ ചോക്‌സി ആന്‍റിഗ്വ പൗരത്വം നേടിയത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. 

Last Updated : Aug 4, 2018, 06:19 PM IST
മെഹുല്‍ ചോക്‌സി വിഷയത്തില്‍ തിരിച്ചടിച്ച് രാഹുല്‍; ഒപ്പം മോദിയുടെ 2016 ലെ വീഡിയോയും

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യം വിട്ട വിവാദ വജ്ര വ്യവസായി മെഹുല്‍ ചോക്‌സി ആന്‍റിഗ്വ പൗരത്വം നേടിയത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. 

ഈ വിഷയത്തില്‍ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് രംഗത്തെതിയിരിക്കുന്നത്. ഇത്തവണ 2015ലെ ഒരു വീഡിയോയാണ് രാഹുല്‍ ഗാന്ധി ബി.ജെ.പിക്കെതിരായി ആയുധമാക്കിയിരിക്കുന്നത്. ഈ വീഡിയോയില്‍ മെഹുല്‍ ചോക്‌സിയെ 'മെഹുല്‍ ഭായ്' എന്നാണ് പ്രധാനമന്ത്രി മോദി വിശേഷിപ്പിക്കുന്നത്.

വിമര്‍ശനത്തിന് ആധാരമായത് മുംബയിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് 2017ല്‍ മെഹുല്‍ ചോക്‌സിക്ക് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്ന വാര്‍ത്തയാണ്. മെഹുല്‍ ചോക്‌സിക്ക് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഇന്ത്യ തന്നെയെന്ന് ആന്‍റിഗ്വ അറിയിച്ചിരുന്നു. കൂടാതെ, ഈ സര്‍ട്ടിഫിക്കറ്റില്‍ അസ്വാഭാവികമായ യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ലെന്നും ആന്‍റിഗ്വ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് മറുപടിയുമായി ബിജെപിയുമെത്തി. മെഹുല്‍ ചോക്‌സിക്ക് ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടിയിലെ പ്രമുഖരുമായുള്ള ബന്ധത്തെ കുറിച്ച് ചോക്‌സിയുടെ വക്കീല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി ഇതിനെ പ്രതിരോധിച്ചത്. 2012-14 യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് മെഹുല്‍ ചോക്‌സിയുടെ സമ്പത്തിലുണ്ടായ അമ്പരപ്പിക്കുന്ന വളര്‍ച്ചയും ബി.ജെ.പി ചൂണ്ടിക്കാട്ടി. 

13,000 കോടിയുടെ പി.എന്‍.ബി തട്ടിപ്പുകേസ് പുറത്തുവരുന്നതിന് രണ്ടാഴ്‌ച മുന്‍പാണ്‌ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും കുടുംബവും ഇന്ത്യയില്‍നിന്നും കടന്നകളഞ്ഞത്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യ സൂത്രധാരനും, നീരവ് മോദിയുടെ അമ്മാവനുമാണ് മെഹുല്‍ ചോക്സി. 

ഈ വര്‍ഷം ജനുവരി 16നാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന 13,000 കോടിയുടെ തട്ടിപ്പ് കണ്ടുപിടിക്കുന്നത്. രാജ്യത്ത് നടന്ന ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളില്‍ ഒന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്നത്.

 

More Stories

Trending News