ന്യൂഡല്‍ഹി: ലോകം കൊവിഡിന്‍റെ ഭീതിയില്‍ അമരുകയാണ്. ഇതിനോടകം 15.3 മില്യണ്‍ ആളുകളെയാണ് കോവിഡ് ബാധിച്ചത്.
ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിച്ച രാജ്യങ്ങളില്‍ മൂന്നാമതാണ് ഇന്ത്യ. ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. അമേരിക്കയില്‍ ഇതുവരെ 4,129,405 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്ത് ബ്രസീല്‍ നിലകൊള്ളുന്നു. 2,242,394 പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. 1,286,430 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ച ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
അതേസമയം, ലോകത്ത് കോവിഡ് മരണനിരക്കില്‍ എറ്റവും പിന്നിലുള്ള രാജ്യമാണ് ഇന്ത്യ. കേന്ദ്ര ആരോഗ്യമന്ത്രാലയ൦ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. ആഗോളതലത്തില്‍ ഒരു മില്യണ്‍ ജനസംഖ്യയില്‍ 77 എന്ന നിലയില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ത്യയില്‍ അത് 20.4 ആണ്.
കഴിഞ്ഞ ജൂണ്‍ പതിനേഴ് വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മരണനിരക്ക് 3.36% ആയിരുന്നു. ഒരുമാസം പിന്നിടുമ്പോള്‍ അത് 2.43 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ് എന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.
Also read: കുട്ടികളിലെ കോവിഡ് ബാധ എങ്ങനെ കണ്ടെത്താം ?
"ഇന്ത്യയില്‍ കോവിഡ് മരണനിരക്കുകള്‍ പത്ത് ലക്ഷത്തില്‍ 20.4 എന്ന നിലയിലാണ് ഇപ്പോള്‍ ഉള്ളത്. മറ്റ് രാജ്യങ്ങളില്‍ കോവിഡ് മരണനിരക്ക് ഇന്ത്യയെക്കാള്‍ 21 അല്ലെങ്കില്‍ 33 ശതമാനം വരെ ഉയര്‍ന്നിരിക്കുകയാണ്. ആഗോള തലത്തിലെ ശരാശരി മരണസംഖ്യ പത്ത് ലക്ഷത്തില്‍ 77 ആണ്", ആരോഗ്യമന്ത്രാലയത്തിന്‍റെ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. കൃത്യമായ രീതിയില്‍ മെഡിക്കല്‍ പരിശോധനകള്‍ വ്യാപകമാക്കിയതാണ് മരണനിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.