സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്

ഇന്ത്യയില്‍ ഓരോ മണിക്കൂറിലും നാല് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതായി ആഗോള സര്‍വ്വേ റിപ്പോര്‍ട്ട്‌. ലോകത്തില്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് ഇന്ത്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Last Updated : Jun 26, 2018, 12:08 PM IST
സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്

ന്ത്യയില്‍ ഓരോ മണിക്കൂറിലും നാല് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതായി ആഗോള സര്‍വ്വേ റിപ്പോര്‍ട്ട്‌. ലോകത്തില്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് ഇന്ത്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് തോംസണ്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട്‌ പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവുമധികം തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാനിലും സിറിയയിലും പോലും സ്ത്രീകള്‍ ഇന്ത്യയിലേതിനേക്കാള്‍ സുരക്ഷിതരാണെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.

വലിയ തോതിലുള്ള അടിമപ്പണിയും ലൈംഗിക അക്രമങ്ങളും സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2011ല്‍ ഇതേ സംഘടന നടത്തിയ സര്‍വ്വേയില്‍ അഫ്ഗാനിസ്ഥാനായിരുന്നു പട്ടികയില്‍ ഒന്നാമത്. 

ബലാത്സംഗവും അതിനെത്തുടര്‍ന്നുള്ള കൊലപാതകങ്ങളും ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളുടെ ആദ്യ പത്തിലുള്ള പാശ്ചാത്യ രാജ്യം അമേരിക്ക മാത്രമാണ്. ഇവിടെ സ്ത്രീകള്‍ക്കെതിരേ കൂടുതലും ലൈംഗിക അതിക്രമങ്ങളാണ്.

ഡല്‍ഹിയിലെ നിര്‍ഭയ സംഭവം മുതല്‍ കേരളത്തില്‍ വിദേശ വനിത കൊല്ലപ്പെട്ട സംഭവം വരെ സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓരോ മണിക്കൂറിലും ഇന്ത്യയില്‍ നിന്ന് നാല് ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ടെങ്കില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്ത കേസുകള്‍ എത്രമാത്രം ഉണ്ടാകുമെന്ന ആശങ്കയും സര്‍വ്വേ മുന്നോട്ട് വെയ്ക്കുന്നു.

മീ ടൂ ക്യാമ്പയിന്‍

ലോകത്തെ ഏറ്റവും ശ്രദ്ധേയമായ 'മീ ടൂ ക്യാമ്പയിന്‍' യുഎസില്‍ നടക്കുന്ന സ്ത്രീ പീഡനങ്ങളുടെ വിവരങ്ങള്‍ സമാഹരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചതായി സര്‍വ്വേ വ്യക്തമാക്കുന്നു. സാമ്പത്തിക സുരക്ഷിതത്വമുള്ള സ്ത്രീകള്‍ വരെ പലതരത്തിലും ലൈംഗിക അക്രമങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് മീ ടൂ ക്യാമ്പയിനിലൂടെ വെളിച്ചത്തു വന്നത്.

Trending News