അടുത്ത യുദ്ധം സ്വന്തം ആയുധങ്ങളുമായി!!

അടുത്ത യുദ്ധം രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച ആയുധങ്ങള്‍ ഉപയോഗിച്ചായിരിക്കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. 

Sheeba George | Updated: Oct 15, 2019, 07:12 PM IST
അടുത്ത യുദ്ധം സ്വന്തം ആയുധങ്ങളുമായി!!

ന്യൂഡല്‍ഹി: അടുത്ത യുദ്ധം രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച ആയുധങ്ങള്‍ ഉപയോഗിച്ചായിരിക്കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. 

യുദ്ധത്തില്‍ നമ്മള്‍ വിജയം നേടുമെന്നും, ഭാവി യുദ്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം അതിക്രമിച്ചെന്നും ബിപിന്‍ റാവത്ത് ചൂണ്ടിക്കാട്ടി. ന്യൂഡല്‍ഹിയില്‍ നടക്കുന്ന 41-മത് ഡിആര്‍ഡിഒയുടെ സമ്മേളനത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

52 പരീക്ഷണ ശാലകളാണ് ഡിആര്‍ഡിഒയ്ക്ക് ഉള്ളത്. വ്യോമയാനം, യുദ്ധസാമഗ്രികള്‍ തുടങ്ങിയ മേഖലകളില്‍ ഡിആര്‍ഡിഒ ഇപ്പോള്‍ പരീക്ഷണം നടത്തി വരികയാണ്. ഭാവിയിലെ യുദ്ധങ്ങളിലേക്കുളള സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കേണ്ടത്. സൈബര്‍, സ്‌പെയ്‌സ്, ലേസര്‍, ഇലക്ട്രോണിക്, റോബോട്ടിക്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാണ് രാജ്യം മുന്നോട്ടു ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡിആര്‍ഡിഒയുടെ പ്രവര്‍ത്തനത്തെ പ്രശംസിക്കാനും അദ്ദേഹ൦ മറന്നില്ല. പ്രതിരോധ മേഖലയിലെ ഗവേഷണങ്ങളിലും ആഭ്യന്തര കാര്യങ്ങളിലും സായുധ സേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ഡിആര്‍ഡിഒ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഭാവി യുദ്ധങ്ങളില്‍ രാജ്യത്തെ സഹായിക്കുന്ന കാര്യത്തില്‍ ഡിആര്‍ഡിഒ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.