തിങ്കളാഴ്​ച ഡോക്​ടര്‍മാരുടെ രാജ്യ വ്യാപക പണിമുടക്ക്​

​പശ്ചിമ ബംഗാളില്‍ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ഡോക്ടര്‍മാരുടെ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖാപിച്ച് ജൂണ്‍ 17, തിങ്കളാഴ്​ച രാജ്യ വ്യാപക പണിമുടക്ക്​ നടത്തുമെന്ന്​ ഇന്ത്യന്‍ മെഡിക്കല്‍ ആസോസിയേഷന്‍ (ഐ.എം.എ) അറിയിച്ചു.

Last Updated : Jun 14, 2019, 05:43 PM IST
തിങ്കളാഴ്​ച ഡോക്​ടര്‍മാരുടെ രാജ്യ വ്യാപക പണിമുടക്ക്​

ന്യൂഡല്‍ഹി: ​പശ്ചിമ ബംഗാളില്‍ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ഡോക്ടര്‍മാരുടെ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖാപിച്ച് ജൂണ്‍ 17, തിങ്കളാഴ്​ച രാജ്യ വ്യാപക പണിമുടക്ക്​ നടത്തുമെന്ന്​ ഇന്ത്യന്‍ മെഡിക്കല്‍ ആസോസിയേഷന്‍ (ഐ.എം.എ) അറിയിച്ചു.

തിങ്കളാഴ്​ച നടക്കുന്ന രാജ്യ വ്യാപക പണിമുടക്കില്‍ 3.5 ലക്ഷം ഡോക്​ടര്‍മാര്‍ പ​ങ്കെടുക്കുമെന്നും ഐ.എം.എ അറിയിച്ചു. സുരക്ഷ നല്‍കണമെന്ന്​ മാത്രമാണ്​ ഡോക്​ടര്‍മാര്‍ അധികാരികളോട്​ ആവശ്യപ്പെടുന്നതെന്നും സംഘടനയുടെ ഭാരവാഹികള്‍ വ്യക്​തമാക്കി.

അതേസമയം, കൊല്‍ക്കത്തയില്‍ ഡോക്​ടര്‍മാര്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ രാജ്യ വ്യാപകമായി പിന്തുണയും വര്‍ദ്ധിക്കുകയാണ്. പശ്ചിമ ബംഗാള്‍ ഡോക്ടർമാരുടെ സമരത്തിന് പിന്തുണയുമായി നിരവധി സംസ്ഥാനങ്ങളില്‍ ഇന്ന് ഒരു ദിവസത്തെ പണിമുടക്ക്‌ പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഒരു ദിവസത്തെ സമര പ്രഖ്യാപനം മൂലം നിരവധി ആരോഗ്യ കേന്ദ്രങ്ങളും സര്‍ക്കാര്‍ ആശുപത്രികളും പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്‌ എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന്‌ ഡോക്ടർമാര്‍ ആണ് എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജ് ഡോക്ടർമാരുടെ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു ദിവസത്തെ പണിമുടക്ക്‌ നടത്തുന്നത്. 

കഴിഞ്ഞദിവസം എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ രോഗിയുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ കയ്യേറ്റം ചെയ്തിരുന്നു. 75കാരനായ രോഗി മരിച്ചത് ആശുപത്രിയുടെ അനാസ്ഥ കാരണമാണെന്ന് കുടുംബം ആരോപിക്കുകയും 200ഓളം പേരടങ്ങിയ ആള്‍ക്കൂട്ടം ആശുപത്രിയില്‍ ഇരച്ചെത്തി ഡോക്ടര്‍മാരെ മര്‍ദ്ദിക്കുകയുമായിരുന്നു.  അക്രമത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഡോക്ടര്‍ പരിഭോഹോ മുഖര്‍ജി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. 

അതേസമയം, പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം പ്രതിഷേധക്കാരെ കണ്ടുവെങ്കിലും സമരക്കാർ സമവായത്തിന് തയ്യാറായിരുന്നില്ല. കൂടാതെ, മുഖ്യമന്ത്രിയുടെ താക്കീത് സമരക്കാര്‍ അവഗണിക്കുകയും ചെയ്തിരിക്കുകയാണ്. 

കൂടാതെ, എൻആർഎസ് മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലും കഴിഞ്ഞ ദിവസം രാജിവെച്ച് പ്രതിഷേധിച്ചു. വിവിധ  ആശുപത്രികളിലായി 175 ഡോക്ടര്‍മാര്‍മാരാണ് ഇപ്പോള്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്‌. 

സമരത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് മമത ആരോപിക്കുമ്പോള്‍, തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് ഡോക്​ടര്‍മാരുടെ തീരുമാനം. 

Trending News