close

News WrapGet Handpicked Stories from our editors directly to your mailbox

സാമ്പത്തിക ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

രാജ്യത്തിന്‍റെ സാമ്പത്തിക നില മെച്ചപ്പെടുന്നുണ്ടെന്ന് പറഞ്ഞ ധനമന്ത്രി സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഉത്തേജക നടപടികള്‍ പ്രഖ്യാപിച്ചു. 

Updated: Sep 14, 2019, 04:05 PM IST
സാമ്പത്തിക ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം നേരിടാന്‍ കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 

രാജ്യത്തിന്‍റെ സാമ്പത്തിക നില മെച്ചപ്പെടുന്നുണ്ടെന്ന് പറഞ്ഞ ധനമന്ത്രി സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ഉത്തേജക നടപടികള്‍ പ്രഖ്യാപിച്ചു.

നികുതി നല്‍കാനുള്ള നടപടികള്‍ സുതാര്യമാക്കും. ഓണ്‍ലൈന്‍ സംവിധാനം വിപുലവും ലളിതവുമാക്കും. ചെറിയ നികുതി പിഴവുകള്‍ക്ക് ശിക്ഷയില്ല. 

മാത്രമല്ല നികുതിയുടെ പേരില്‍ പീഡനമുണ്ടാകില്ലെന്നും നികുതി നടപടികള്‍ ഈ ഫയലിംഗിലൂടെ മാത്രം മതിയെന്നും ധനമന്ത്രി പറഞ്ഞു. കയറ്റുമതിയും അഭ്യന്തര ഉത്പാദനവും കൂട്ടാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 

നാണ്യപെരുപ്പം നിയന്ത്രിതമാണെന്നും രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ സാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

സമ്പദ് വ്യവസ്ഥ പുനരുജ്ജീവന പാതയിലാണെന്നും ഓഗസ്റ്റിലെ കരുതല്‍ ശേഖരത്തില്‍ വര്‍ധനയുണ്ടെന്നും നിക്ഷേപ നിരക്ക് കൂടുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

നികുതി പരിഷ്‌കരണ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും ബാങ്കിംഗ് മേഖലയിലെ പരിഷ്‌കരണത്തിന് ശേഷമാണ് നികുതി പരിഷ്‌കരണത്തിലേക്ക് കടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 19 ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി ചര്‍ച്ച നടത്തുമെന്നും ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വായ്പ ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

 

 

2020 ജനുവരി 1 മുതല്‍ ടെക്‌സ്‌റ്റൈല്‍ മേഖലയിലെ കയറ്റുമതിക്ക് പുതിയ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

മാത്രമല്ല ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ മാതൃകയില്‍ 2020 ല്‍ മെഗാ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുമെന്നും രാജ്യത്തെ നാല് പ്രധാന കേന്ദ്രങ്ങളിലാണ് മെഗാ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുകയെന്നും ധനമന്ത്രി പറഞ്ഞു.