ഐഎന്‍എസ് ഖണ്ഡേരി രാജത്തിന് സമര്‍പ്പിച്ചു

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധസജ്ജീകരണങ്ങളിലെ സുപ്രധാന മുന്നേറ്റമാണ് ഐഎന്‍എസ് ഖണ്ഡേരിയെന്ന്‍ ചീഫ് അഡ്മിറല്‍ കരംബീര്‍ സിംഗ് പറഞ്ഞു.  

Last Updated : Sep 28, 2019, 02:54 PM IST
ഐഎന്‍എസ് ഖണ്ഡേരി രാജത്തിന് സമര്‍പ്പിച്ചു

മുംബൈ: ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി പണികഴിപ്പിച്ച അന്തര്‍വാഹിനിയായ ഐഎന്‍എസ് ഖണ്ഡേരി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തിന്‌ സമര്‍പ്പിച്ചു.

മുംബൈയില്‍ വച്ച് നടന്ന ചടങ്ങിലാണ് ഐഎന്‍എസ് ഖണ്ഡേരി നാവികസേനയുടെ ഭാഗമായത്. ഐഎന്‍എസ് കല്‍വരിയ്ക്ക് ശേഷം നാവികസേന കരസ്ഥമാക്കുന്ന ഡീസല്‍-ഇലക്ട്രിക് മുങ്ങിക്കപ്പലാണിത്. 

ഛത്രപതി ശിവജിയുടെ മറാത്താ സാമ്രാജ്യത്തിന്‍റെ ദ്വീപ്‌ കോട്ടകളായിരുന്ന ഖണ്ഡേരിയുടെ പേരാണ് അന്തര്‍വാഹിനിയ്ക്കും നല്‍കിയിരിക്കുന്നത്. കല്‍വരി ക്ലാസിലെ രണ്ടാമത്തെ മുങ്ങിക്കപ്പലാണ് ഐഎന്‍എസ് ഖണ്ഡേരി. 

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധസജ്ജീകരണങ്ങളിലെ സുപ്രധാന മുന്നേറ്റമാണ് ഐഎന്‍എസ് ഖണ്ഡേരിയെന്ന്‍ ചീഫ് അഡ്മിറല്‍ കരംബീര്‍ സിംഗ് പറഞ്ഞു.

വെള്ളത്തിന്‍റെ അടിയിലും മുകളിലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി ഈ അന്തര്‍വാഹിനിക്കുണ്ട്. മാത്രമല്ല ശത്രുവിന്‍റെ അന്തര്‍വാഹിനികളെ തകര്‍ക്കുവാനും അവയിലെ രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഇതിന് കഴിയും.

ഇതോടൊപ്പം മൈനുകള്‍ നിക്ഷേപിക്കാനും, നിരീക്ഷണം നടത്തുന്നതിനും വ്യോമസേനയ്ക്ക് സഹായമാകും. നിരവധി സവിശേഷതകളുള്ള ഈ അന്തര്‍വാഹിനി രാജ്യത്തെ ഏറ്റവും മികച്ചതും നൂതനവുമായ അന്തര്‍വാഹിനികളില്‍ ഒന്നായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മോട്ടോര്‍ കാരണം കപ്പലിനുള്ളില്‍ നിന്നും ഒരു ശബ്ദവും പുറത്തുവരില്ല. അതുകൊണ്ടുതന്നെ ശത്രുക്കള്‍ക്ക്‌ പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഇതിനെ 'സൈലന്റ് കില്ലര്‍' എന്ന് പറയുന്നത്.  

നാവികസേനയ്ക്കായി ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസാണ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്. ഐഎന്‍എസ് കല്‍വരിയും ഐഎന്‍എസ് ഖണ്ഡേരിയും കൂടാതെ നാല് മുങ്ങിക്കപ്പലുകള്‍ കൂടി നിര്‍മ്മാണത്തിലുണ്ട്. 

Trending News