ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉപഗ്രഹത്തിന്‍റെ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് രാത്രി 11.37നായിരുന്നു വിക്ഷേപണം. 

Last Updated : Jan 25, 2019, 10:02 AM IST
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉപഗ്രഹത്തിന്‍റെ വിക്ഷേപണം വിജയകരം

ഹൈദരാബാദ്: പിഎസ്എല്‍വി സി 44ന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ‌. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ഉപഗ്രഹമായ മൈക്രോസാറ്റ്ആര്‍, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങള്‍ വഹിച്ചാണ് പിഎസ്എല്‍വി സി 44ന്റെ വിക്ഷേപണം. 

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് രാത്രി 11.37നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വിയുടെ പുതിയ പതിപ്പായ പിഎസ്എല്‍വി ഡിഎല്‍ ആണ് വിക്ഷേപണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് പിഎസ്എല്‍വിയുടെ നാല്‍പ്പത്താറാമത് വിക്ഷേപണമാണ്.

നൂറ്റിമുപ്പത് കിലോഗ്രാം ഭാരം വരുന്ന മൈക്രോസാറ്റ് ആര്‍, രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്. വിക്ഷേപിച്ച് കൃത്യം പതിനഞ്ച് മിനിട്ടിനുള്ളില്‍ ഉപഗ്രഹം ഇരുന്നൂറ്റി എഴുപത്തിനാല് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചേര്‍ന്നു.

കലാംസാറ്റ് വി 2 എന്നാണ് ഭാരം കുറഞ്ഞ ഉപഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഉപഗ്രഹമാണിത്. ചെന്നൈയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കലാംസാറ്റിന്റെ ഭാരം 1.26 കിലോഗ്രാമാണ്. രണ്ട് മാസമാണ് ഇതിന്റെ ആയുസ്സ്. വിക്ഷേപണ വാഹനമായ പിഎസ്എല്‍വി സി ഫോട്ടിഫോറിന്റെ നാലാം ഘട്ടത്തെ പരീക്ഷണ കേന്ദ്രമാക്കി മാറ്റുന്നതും വിക്ഷേപണത്തിന്റെ ലക്ഷ്യമാണ്.

12 ലക്ഷം രൂപ ചിലവില്‍ വെറും ആറ് ദിവസത്തെ സമയം കൊണ്ടാണ് ഉപഗ്രഹം നിര്‍മ്മിച്ചത്. എന്നാല്‍ ആറ് വര്‍ഷത്തെ പ്രയത്നം കൊണ്ടാണ് ഉപഗ്രഹ ടെക്നോളജി സ്വായത്തമാക്കിയതെന്ന് ദൗത്യത്തിന് നേതൃത്വം നല്‍കിയ സ്പേസ് കിഡ്സ് ഇന്ത്യ സിഇഒ ശ്രീമതി കേശന്‍ പറയുന്നു.

Trending News