"കര്‍ണിക", ഇന്ത്യയുടെ അത്യാഡംബര ഉല്ലാസക്കപ്പല്‍; ഏറെ പ്രത്യേകതകളോടെ ഒദ്യോഗിക നാമകരണ ചടങ്ങ്

ജലേഷ് ക്രൂയിസിന്‍റെ അന്താരാഷ്ട്ര നിലവാരമുള്ള അത്യാഡംബര ഉല്ലാസക്കപ്പലിന്‍റെ ഒദ്യോഗിക നാമകരണ ചടങ്ങ് നടന്നു. 

Last Updated : Apr 20, 2019, 04:51 PM IST
 "കര്‍ണിക", ഇന്ത്യയുടെ അത്യാഡംബര ഉല്ലാസക്കപ്പല്‍; ഏറെ പ്രത്യേകതകളോടെ ഒദ്യോഗിക നാമകരണ ചടങ്ങ്

മുംബൈ: ജലേഷ് ക്രൂയിസിന്‍റെ അന്താരാഷ്ട്ര നിലവാരമുള്ള അത്യാഡംബര ഉല്ലാസക്കപ്പലിന്‍റെ ഒദ്യോഗിക നാമകരണ ചടങ്ങ് നടന്നു. 

മുംബൈയില്‍ നടന്ന ചടങ്ങില്‍, ഭാഗ്യവും, വിജയവും, അനുഗ്രവും ഒപ്പം സുരക്ഷയും ആശംസിച്ച് "കര്‍ണിക" എന്ന പേരാണ് ഈ അത്യാഡംബര ഉല്ലാസക്കപ്പലിന് നല്‍കിയത്.

തികച്ചും ദേശീയത വിളിച്ചോതുന്ന ഒന്നായിരുന്നു "കര്‍ണിക"യുടെ നാമകരണ ചടങ്ങ്. ചടങ്ങിനെ  അവിസ്മരണീയമാക്കിക്കൊണ്ട് 5 രൂപയുടെ പ്രത്യേക തപാല്‍ സ്റ്റാമ്പും പുറത്തിറക്കി. കൂടാതെ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തിരുന്നു. 

ഒപ്പം, ഇന്ത്യയിലെ പ്രഗല്‍ഭരായ 5 വ്യക്തികള്‍ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്ക്ക് നേടിത്തന്ന ബഹുമതിയെ പ്രകീര്‍ത്തിക്കാനും ഈ ചടങ്ങ് വിനിയോഗപ്പെടുത്തി. 1958ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ കായികതാരം മിൽഖാ സിംഗ്, 1992ല്‍ ഇന്ത്യയില്‍ ആദ്യമായി സ്വകാര്യ സാറ്റലൈറ്റ് ടിവി ചാനല്‍ ആരംഭിച്ച ശ്രീ. സുബാഷ് ചന്ദ്ര, 1994ല്‍ ഇന്ത്യയ്ക്ക് ആദ്യമായി മിസ് യൂണിവേർഴ്സ് പദവി നേടിത്തന്ന സുഷ്മിതാ സെന്‍, 1997ല്‍ ആദ്യമായി ഇന്ത്യയ്ക്ക് ആദ്യമായി ഗ്രാന്‍ഡ്‌സ്ലാം കിരീടം നേടിത്തന്ന മഹേഷ്‌ ഭൂപതി, 2014ല്‍ ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിത്തന്ന ഇന്ത്യൻ വനിതാ ബോക്സർ മേരി കോം എന്നിവരെയാണ് ചടങ്ങില്‍ പ്രത്യേകമായി പരാമര്‍ശിച്ചത്. 

ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴിമഥനം നടത്തുമ്പോള്‍ പ്രത്യക്ഷപ്പെട്ട അപ്സരസുകളില്‍ ഒരാളാണ് 'കര്‍ണിക'. ഐശ്വര്യത്തിന്‍റെ പ്രതീകമായും പുരാണത്തില്‍ 'കര്‍ണിക'.യെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. 

70,285 ടണ്‍ ഭാരമുള്ള അത്യാഡംബര ഉല്ലാസക്കപ്പലായ 'കര്‍ണിക' തന്‍റെ ആദ്യ യാത്ര നടത്തിയത് ഏപ്രില്‍ 17നാണ്. 
 2700ഓളം യാത്രക്കാര്‍ക്ക് ഒരേസമയം യാത്രാസൗകര്യമൊരുക്കാന്‍ ശേഷിയുള്ള കര്‍ണികയുടെ നീളം 250 മീറ്റര്‍ ആണ്. 7 സ്റ്റാര്‍ ഹോട്ടലിനെക്കാളും മികച്ചതാണ് 'കര്‍ണിക' നല്‍കുന്ന സൗകര്യങ്ങള്‍. മെയ്‌ 24നാണ് 'കര്‍ണിക'യുടെ ആദ്യ അന്താരാഷ്ട്ര യാത്ര. മുംബൈയില്‍നിന്നും ദുബായ്ക്കാണ് ആദ്യ അന്താരാഷ്ട്ര യാത്ര നടത്തുക. 

നിരവധി രാജ്യങ്ങളിലെ ഭക്ഷണം ആസ്വദിക്കാന്‍ സൗകര്യമൊരുക്കുന്നതോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി  നിരവധി തരത്തിലുള്ള വിനോദത്തിനും സൗകര്യമുണ്ട്. 

തങ്ങളുടെ യാത്ര അവിസ്മരണീയമാക്കാനുള്ള എല്ലാവിധ ഉപാധികളുംകൊണ്ട് സമ്പന്നയാണ് 'കര്‍ണിക'. 

Trending News