സിയാചിന്‍ ഇനി മാലിന്യമുക്തമാകും; സ്വച്ഛതാ അഭിയാനില്‍ പങ്കാളികളായി സൈനികരും

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയെന്ന് വിളിക്കപ്പെടുന്ന സിയാചിനിലില്‍ ഇപ്പോള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതെങ്കിലും രാജ്യത്തോടല്ല ഈ യുദ്ധം. മറിച്ച് മാലിന്യത്തോടാണ്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാനിന്‍റെ ഭാഗമായി സിയാചിനെ മാലിന്യമുക്തമാക്കാനൊരുങ്ങുകയാണ് ഈ മേഖലയിലെ സൈനികര്‍. 

Updated: Sep 18, 2017, 05:34 PM IST
സിയാചിന്‍ ഇനി മാലിന്യമുക്തമാകും; സ്വച്ഛതാ അഭിയാനില്‍ പങ്കാളികളായി സൈനികരും

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയെന്ന് വിളിക്കപ്പെടുന്ന സിയാചിനിലില്‍ ഇപ്പോള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതെങ്കിലും രാജ്യത്തോടല്ല ഈ യുദ്ധം. മറിച്ച് മാലിന്യത്തോടാണ്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാനിന്‍റെ ഭാഗമായി സിയാചിനെ മാലിന്യമുക്തമാക്കാനൊരുങ്ങുകയാണ് ഈ മേഖലയിലെ സൈനികര്‍. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സപ്തംബര്‍ 17 ന് ആരംഭിച്ച മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞം 15 ദിവസം നീണ്ടു നില്‍ക്കും. പരിപാടിയുടെ ഭാഗമായി സിയാചിന്‍ മേഖലയില്‍ വലിച്ചെറിയപ്പെട്ട മാലിന്യങ്ങള്‍ നീക്കം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി ഏറ്റവുമധികം വൃത്തികേടാക്കപ്പെട്ട ഇടം കൂടിയാണ്. മനുഷ്യവിസര്‍ജ്യം മുതല്‍ പല തരത്തിലുള്ള മാലിന്യങ്ങള്‍ വര്‍ഷം മുഴുവന്‍ മഞ്ഞുമൂടി കിടക്കപ്പെടുന്ന ഈ മേഖലയില്‍ അടിഞ്ഞുകൂടിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

2014 ല്‍ പ്രധാനമന്ത്രി സ്വച്ഛ് ഭാരത് അഭിയാന്‍ പ്രഖ്യാപിച്ച വേളയില്‍ ഈ മേഖലയില്‍ നിന്ന് 63 ടണ്‍ മാലിന്യമാണ് ശേകരിച്ച് നീക്കം ചെയ്തത്. 

ജൈവ-അജൈവ മാലിന്യങ്ങളെ വേര്‍തിരിച്ചാകും സംസ്കരിക്കുക. മാലിന്യങ്ങള്‍ ചുമടു വഴിയും ഹെലികോപ്ടര്‍ വഴിയും പ്രത്യേക സൈനിക കേന്ദ്രങ്ങളില്‍ എത്തിക്കും. മേഖലയില്‍ തന്നെ സംസ്കരിക്കാവുന്നത് അവിടെ തന്നെ കുഴിച്ചു മൂടുന്ന രീതിയായിരിക്കും അവലംബിക്കുക. സിയാചിന്‍ പോലെ പരിസ്ഥിതി ലോല പ്രദേശത്തിന്‍റെ പ്രത്യേകതകള്‍ പരിഗണിച്ചുകൊണ്ടുള്ള മാലിന്യ സംസ്കരണരീതിയായിരിക്കും അവലംബിക്കുകയെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. 

മൈനസ് 45 ഡിഗ്രി വരെ അന്തരീക്ഷ താപനില താഴുന്ന സിയാചിനിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞം ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. സമുദ്രനിരപ്പില്‍ നിന്ന് 9500-21000 അടി ഉയരത്തിലാണ് സിയാചിന്‍ മേഖല.