ശബരിമല വിധിയുടെ പേരില്‍ ഭീഷണികള്‍ നേരിടേണ്ടി വന്നു!

മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ശബരിമല വിധിയ്ക്ക് ശേഷം ഉണ്ടായ ഭീഷണിയെക്കുറിച്ചും വിധിയില്‍ അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ നിലപാടിനെ കുറിച്ചും ജസ്റ്റിസ് ചന്ദ്രചൂഡ്‌ വ്യക്തമാക്കിയത്.  

Last Updated : Oct 2, 2019, 05:11 PM IST
ശബരിമല വിധിയുടെ പേരില്‍ ഭീഷണികള്‍ നേരിടേണ്ടി വന്നു!

മുംബൈ: ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കികൊണ്ടുള്ള വിധിയ്ക്ക് ശേഷം തനിക്ക് നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നതായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്‌ വെളിപ്പെടുത്തി.

തനിക്കുള്ള ഭീഷണികള്‍ സോഷ്യല്‍ മീഡിയ വഴിയാണ് വന്നതെന്ന് പറഞ്ഞ അദ്ദേഹം തന്നോട് സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങള്‍ വായിക്കരുതെന്ന് ഒപ്പം പ്രവര്‍ത്തിക്കുന്ന ലോ ക്ലര്‍ക്കുമാരും, ഇന്റേണുകളും ആവശ്യപ്പെട്ടതായും പറഞ്ഞു. 

മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ശബരിമല വിധിയ്ക്ക് ശേഷം ഉണ്ടായ ഭീഷണിയെക്കുറിച്ചും വിധിയില്‍ അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ നിലപാടിനെ കുറിച്ചും ജസ്റ്റിസ് ചന്ദ്രചൂഡ്‌ വ്യക്തമാക്കിയത്.

എന്തൊക്കെയായാലും വിധിയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. മാത്രമല്ല സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന ആരാധനക്രമം തൊട്ടുകൂടായ്മക്ക് തുല്യമാണെന്നും ആരാധനാ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയോടുള്ള പരിഹാസമാണിതെന്നും ജസ്റ്റിസ്‌ ചന്ദ്രചൂഡ് വ്യക്തമാക്കി.

വ്യക്തിപരമായ നിലപാടുകള്‍ക്കുമപ്പുറം ജഡ്ജിമാര്‍ എല്ലാ അഭിപ്രായങ്ങളും കണക്കില്‍ എടുത്ത് വേണം നിലപാട് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു ബാര്‍ മെമ്പര്‍ എന്ന നിലയില്‍ എല്ലാ വീക്ഷണങ്ങളും നോക്കണമെന്നും ചില സമയങ്ങളില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല കേസില്‍ വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലെ അംഗമാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്‌. ഈ ഉത്തരവിന് എതിരായ പുന:പരിശോധന ഹര്‍ജികളില്‍ വിധി പ്രസ്താവിക്കാനിരിക്കെ ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ ഈ അഭിപ്രായത്തിന് പ്രധാന്യമേറെയാണ്.

യുവതി പ്രവേശന വിധിയെ ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളില്‍ ഇന്ദു മല്‍ഹോത്ര ഒഴിച്ച് ബാക്കിയെല്ലാവരും അനുകൂലിച്ചിരുന്നു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിച്ച് എഴുതി. അവരുടെ ആ നിലപാടിനെ താന്‍ മാനിക്കുന്നുവെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.  

2018 സെപ്റ്റംബര്‍ 28 നായിരുന്നു ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബഞ്ച് വിധി പുറപ്പെടുവിച്ചത്. ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ 2006 ല്‍ നല്‍കിയ കേസില്‍ 12 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷമായിരുന്നു വിധി. 

Trending News