ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ചു

സുപീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്  വിരമിച്ചു. 

Sneha Aniyan | Updated: Nov 17, 2019, 05:40 PM IST
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ചു

ന്യൂഡല്‍ഹി: സുപീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്  വിരമിച്ചു. 

ഏറെ കോളിളക്കം സൃഷ്‌ടിച്ച അയോധ്യ, ശബരിമല പോലുള്ള കേസുകൾക്ക് തീർപ്പുകൽപ്പിച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്.

അവസാന പ്രവർത്തി ദിനമായ വെള്ളിയാഴ്ച അദ്ദേഹം സുപ്രീംകോടതി അങ്കണത്തില്‍ നിന്ന് സഹപ്രവര്‍ത്തകരുടെ യാത്രയയാപ്പ് സ്വീകരിച്ചിരുന്നു. 

ഇന്ത്യയുടെ 46ാം ചീഫ് ജസ്റ്റിസായിരുന്ന രഞ്‌ജൻ ഗോഗോയ് അസം സ്വദേശിയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ആദ്യ വ്യക്തിയാണ്. 

ദീപക് മിശ്രയുടെ പകരക്കാരനായി 2018 ഒക്ടോര്‍ മൂന്നിനാണ് ഗൊഗോയ് അധികാരമേറ്റത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ കേരളം ഓർക്കുന്നത് ശബരിമല പുനഃപരിശോധനാ വിധിയുടെ പേരിലാകാം. 

എന്നാൽ, അതിനുമുമ്പ്‌ സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചത് ജസ്റ്റിസ് ഗൊഗോയിയുടെ ബെഞ്ചായിരുന്നു.

നൂറ്റാണ്ടിലേറെ നീണ്ട അയോധ്യ ഭൂമിതർക്കത്തിന് പരിഹാരം കണ്ടതും ഗൊഗോയിയാണ്. ചീഫ് ജസ്റ്റിസ് ഓഫീസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ ചരിത്രവിധിയും പുറപ്പെടുവിച്ചു. 

ഒടുവിൽ ശബരിമല കേസിലും ഉത്തരവ് പറഞ്ഞതിന് ശേഷമാണ് രഞ്ജൻ ഗൊഗൊയ് പദവി ഒഴിയുന്നത്.

ചരിത്രത്തിലാദ്യമായി കോടതി നടപടികള്‍ നിര്‍ത്തിവെച്ച് നാല് ജഡ്ജിമാര്‍ നടത്തിയ വാർത്താസമ്മേളനത്തിൽ ഗൊഗോയിയും ഉണ്ടായിരുന്നു.

സുപ്രീംകോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണെന്നും ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്നും ഗൊഗോയി അടക്കമുള്ള ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടിരുന്നു.

ആധാർ, ഹാദിയ, സ്വവർഗരതി, വിവാഹേതരബന്ധം എന്നിങ്ങനെ കാലം ഓർക്കുന്ന ചരിത്രവിധികളും ഗൊഗോയിയുടെ സംഭാവനയാണ്. ശരദ് അരവിന്ദ് ബോബ്‌ഡെയാണ് ഗൊഗോയ്ക്ക് പകരക്കാരനായി ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തുക.

രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ശരദ് അരവിന്ദ് ബോബ്ഡെയെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 

ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ബോബ്‌ഡെയെ നിയമിക്കണമെന്ന് രഞ്ജന്‍ ഗൊഗോയി കേന്ദ്ര സര്‍ക്കാരിനയച്ച കത്തിൽ ശുപാര്‍ശ ചെയ്തിരുന്നു.

ലൈംഗികാരോപണ കേസില്‍ ജസ്റ്റിസ് ബോബ്ഡെ ഉള്‍പ്പെട്ട സമിതിയാണ് ഗൊഗോയിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.