ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി

വിരമിച്ച ജസ്റ്റിസ് എ.കെ.പട്നായിക്കിന്‍റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക.   

Last Updated : Apr 25, 2019, 03:06 PM IST
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന വാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട്‌ സുപ്രീംകോടതി.

 

 

വിരമിച്ച ജസ്റ്റിസ് എ.കെ.പട്നായിക്കിന്‍റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. സിബിഐ ഡയറക്ടറോടും ഐബിചീഫിനോടും അന്വേഷണത്തിന് സഹായിക്കണമെന്നും റിപ്പോര്‍ട്ട് സീല്‍ വച്ച കവറില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.

 

 

രാവിലെ ഈ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസിനെതിരെയുള്ള ഗൂഢാലോചനയിൽ തന്നെ സ്വാധീനിക്കാൻ ഒന്നരക്കോടി വാഗ്ദാനം ചെയ്തതിന്‍റെ തെളിവ് എന്നവകാശപ്പെട്ട് ഒരു സീൽ വച്ച കവർ അഭിഭാഷകൻ ഉത്സവ് ബെയ്‍ൻസ് സുപ്രീംകോടതിയിൽ നൽകിയിരുന്നു.  

ചീഫ് ജസ്റ്റീസിനെതിരായ ആരോപണത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഉത്സവ് ബെയ്ന്‍സ് സത്യവാങ്മൂലം നല്‍കിയിരുന്നു. സത്യവാങ്മൂലം മുദ്രവച്ച കവറിലാണ് കൈമാറിയിരിക്കുന്നത്. ഗൂഢാലോചന കേസിലെ അന്വേഷണം യുവതിയുടെ ലൈംഗികാരോപണത്തിലെ ആഭ്യന്തര അന്വേഷണത്തെ ബാധിക്കില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

നാളെ രാവിലെ മുതൽ ജസ്റ്റിസ് എസ്.എ ബോബ്‍ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന് മുമ്പാകെ പരാതിക്കാരി ഹാജരായി തെളിവ് നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

അനുകൂല വിധി കിട്ടാതെ വന്ന ചില കോർപ്പറേറ്റ് കമ്പനികളുടെ പ്രതിനിധികൾ സുപ്രീംകോടതിയിൽ നിന്ന് നേരത്തേ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയാണിതെന്നാണ് ഉത്സവ് ബെയ്‍ൻസിന്‍റെ സത്യവാങ്മൂലത്തിലുള്ളത്. 

Trending News