കശ്മീര്‍ പ്രശ്നത്തില്‍ വിവാദ പ്രസ്താവനയുമായി കമല്‍ഹാസന്‍

തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സംഘടിപ്പിച്ച ഒരു പൊതു പരിപാടിയിലായിരുന്നു കമലിന്റെ വിവാദ പ്രസംഗം.  

Last Updated : Feb 18, 2019, 03:26 PM IST
കശ്മീര്‍ പ്രശ്നത്തില്‍ വിവാദ പ്രസ്താവനയുമായി കമല്‍ഹാസന്‍

ചെന്നൈ: പുല്‍വാമയിലെ ഭീകരാക്രമണിന് പിറകെ കശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി കമല്‍ഹാസന്‍. കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട കമല്‍ഹാസന്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തിനെയാണ് ഭയക്കുന്നത് എന്നും ചോദിച്ചു. 

തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം (എം.എന്‍.എം) സംഘടിപ്പിച്ച ഒരു പൊതു പരിപാടിയിലായിരുന്നു കമലിന്റെ വിവാദ പ്രസംഗം. കശ്മീര്‍ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ നിലപാട് ആവര്‍ത്തിക്കുകയും അവിടെ ജനഹിത പരിശോധന നടത്തണമെന്ന പാക്കിസ്ഥാന്‍റെ ആവശ്യം ആവര്‍ത്തിച്ച് തള്ളിക്കളയുകയും ചെയ്യുന്നതിനിടെയാണ് കമല്‍ രാജ്യത്തിന്റെ ഔദ്യോഗിക നിലപാടിന് കടകവിരുദ്ധമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. 

പുല്‍വാമയില്‍ നാല്‍പത് സൈനികര്‍ കൊല്ലപ്പെടുകയും പാക്കിസ്ഥാനാണ് ഹീനമായ ഈ ആക്രമണത്തിന് പിറകിലെന്ന് ഇന്ത്യ ആവര്‍ത്തിക്കുകയും ചെയ്യുന്നതിനിടെ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

എന്തുകൊണ്ടാണ് ഇന്ത്യ കശ്മീരില്‍ ജനഹിത പരിശോധന നടത്താത്തത്. എന്തിനെയാണ് അവര്‍ ഭയക്കുന്നത്. നമ്മള്‍ അവരേക്കാള്‍ മെച്ചമാണെന്ന് തെളിയിക്കണമെങ്കില്‍ ഇന്ത്യ ഇതുപോലെ ചെയ്യരുത്. 

എന്തുകൊണ്ടാണ് സൈനികര്‍ മരിക്കുന്നത്. എന്തുകൊണ്ടാണ് നമ്മുടെ കാവല്‍ക്കാരന്‍ മരിക്കുന്നത്. ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയക്കാര്‍ നന്നായി പെരുമാറിയാല്‍ ഒരു സൈനികനും മരിക്കേണ്ട ആവശ്യമില്ല. അതിര്‍ത്തിയിലെ നിയന്ത്രണരേഖ നിയന്ത്രണവിധേയമായിരിക്കുമെന്നും കമല്‍ പറഞ്ഞു.

താന്‍ മയ്യം എന്ന പ്രസിദ്ധീകരണം നടത്തുന്ന കാലത്ത് അതില്‍ കശ്മീര്‍ വിഷയത്തെക്കുറിച്ച് എഴുതിയിരുന്നെന്നും ഇപ്പോഴത്തെ സാഹചര്യം അന്നേ പ്രവചിച്ചിരുന്നുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

Trending News