ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് കണ്ണന്‍ ഗോപിനാഥന് നോട്ടീസ്

സര്‍ക്കാര്‍ ഇതുവരെ രാജി സ്വീകരിച്ചിട്ടില്ല അതുകൊണ്ട് രാജിക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ജോലിയില്‍ തുടരാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  

Updated: Aug 29, 2019, 08:35 AM IST
ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് കണ്ണന്‍ ഗോപിനാഥന് നോട്ടീസ്

ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ വിഷയത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന് കാണിച്ച് രാജിവച്ച മലയാളി ഐഎഎസ് ഉദ്യേഗസ്ഥൻ കണ്ണൻ ഗോപിനാഥിനോട് ഉടന്‍ ജോലിയിൽ തിരികെ പ്രവേശിക്കാൻ കേന്ദ്ര സർക്കാരിന്‍റെ നോട്ടീസ്. 

സര്‍ക്കാര്‍ ഇതുവരെ രാജി സ്വീകരിച്ചിട്ടില്ല അതുകൊണ്ട് രാജിക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ജോലിയില്‍ തുടരാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ദാമന്‍ ദിയു പേഴ്സണല്‍ വകുപ്പാണ് നോട്ടീസയച്ചിരിക്കുന്നത്. കണ്ണന്‍ ഗോപിനാഥന്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ സില്‍വാസയില്‍ അദ്ദേഹം താമസിച്ചിരുന്ന സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിന്‍റെ വാതിലിലാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്‌.  

ജമ്മു-കശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു കാട്ടി ആഗസ്റ്റ് 21-നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കണ്ണന്‍ ഗോപിനാഥന്‍ രാജിക്കത്ത് നല്‍കിയത്.

കേന്ദ്ര ഭരണപ്രദേശം ഉള്‍പ്പെടുന്ന കേഡര്‍ (എജിഎംയു) 2012 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനും ദാദര്‍ ആന്റ് നാഗര്‍ ഹവേലി അഡ്മിനിസ്ട്രേഷന് കീഴിലെ നഗര വികസന വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനുമാണ് കണ്ണന്‍ ഗോപിനാഥന്‍.