പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ കഴിയില്ല: കപില്‍ സിബല്‍

പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാനങ്ങള്‍ അവകാശപ്പെടുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.   

Last Updated : Jan 19, 2020, 03:07 PM IST
പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ കഴിയില്ല: കപില്‍ സിബല്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍.

പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാനങ്ങള്‍ അവകാശപ്പെടുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കപില്‍ സിബല്‍ ഇപ്രകാരം പറഞ്ഞത്.

CAA നടപ്പാക്കില്ലയെന്ന്‍ ഒരു സംസ്ഥാനത്തിനും പറയാന്‍ കഴിയില്ലയെന്നും. നടപ്പാക്കാതിരിക്കുക എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്നും അങ്ങനെ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു.

ഈ നിയമത്തെ നിങ്ങള്‍ക്ക് എതിര്‍ക്കാം, നിയമസഭയില്‍ പ്രമേയം പാസാക്കാം, കേന്ദ്രത്തോട് നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെടാം എന്നാല്‍ നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.

ഭരണഘടന അനുശാസിക്കുന്ന സമത്വം, സ്വാതന്ത്ര്യം, മതേതരത്വം എന്നീ മൂല്യങ്ങളുടെ ലംഘനമാണ് പൗരത്വ ഭേദഗതി ബില്‍ എന്ന്‍ കാണിച്ച് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമത്തെ വെല്ലുവിളിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ഒപ്പം നിയമത്തിന് എതിരായി കേരള നിയമസഭ പ്രമേയവും പാസാക്കിയിരുന്നു.  കേരളത്തിന്‍റെ പാത പിന്തുടര്‍ന്ന് പഞ്ചാബ് നിയമസഭയും സിഎഎ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

കൂടാതെ കേരളത്തിന് പുറമെ രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് സിഎഎയ്ക്ക് എതിരായി ശബ്ദം ഉയര്‍ത്തിയത്. 

Trending News