കര്‍ണാടകയില്‍ വീണ്ടും അധികാര മാറ്റമോ?

വീണ്ടും കലങ്ങിത്തെളിയാന്‍ കര്‍ണാടക... ഉപതിരഞ്ഞെടുപ്പിന് 3 ദിവസംമാത്രം ശേഷിക്കേ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദവുമായി കോണ്‍ഗ്രസ്‌, ജെഡി(എസ്) നേതാക്കള്‍!!

Sheeba George | Updated: Dec 2, 2019, 05:37 PM IST
കര്‍ണാടകയില്‍ വീണ്ടും അധികാര മാറ്റമോ?

ബംഗളൂരു: വീണ്ടും കലങ്ങിത്തെളിയാന്‍ കര്‍ണാടക... ഉപതിരഞ്ഞെടുപ്പിന് 3 ദിവസംമാത്രം ശേഷിക്കേ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദവുമായി കോണ്‍ഗ്രസ്‌, ജെഡി(എസ്) നേതാക്കള്‍!!

കര്‍ണാടകയില്‍ 15 മണ്ഡലങ്ങളിലേയ്ക്കാണ് ഡിസംബര്‍ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ 
ബിജെപിയ്‌ക്കെതിരെ കൈകോര്‍ക്കാനാണ് കോണ്‍ഗ്രസ്-ജെഡി(എസ്) ധാരണ.

ഉപതിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ ബിജെപിയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ വീണ്ടും കോണ്‍ഗ്രസ്‌-ജെഡി(എസ്) സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ അവകാശപ്പെട്ടു.

അതേസമയം, തിരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റില്‍ കുറഞ്ഞത്‌ 12 സീറ്റുകളിലെങ്കിലും വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. 11 സീറ്റുകളിലെങ്കിലും വിജയിച്ചുകഴിഞ്ഞാല്‍ ജെഡി(എസ്) പിന്തുണയോടെ സര്‍ക്കാരുണ്ടാക്കിയിരിക്കുമെന്ന് കോണ്‍ഗ്രസ് എം.പി ബി.കെ ഹരിപ്രസാദും പറഞ്ഞു.

അതേസമയം, ഉപതിരഞ്ഞെടുപ്പ് യെദ്ദ്യൂരപ്പയെ സംബന്ധിച്ചിടത്തോളം അഗ്നിപരീക്ഷയാണ്‌.  15 മണ്ഡലങ്ങളില്‍ ആറിടത്തെങ്കിലും ജയിച്ചാല്‍ മാത്രമേ യെദിയൂരപ്പയ്ക്ക് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. 

നിലവില്‍ സാഹചര്യത്തില്‍ ഭരണകക്ഷിയായ ബിജെപിയ്ക്ക് 105 അംഗങ്ങളാണ് ഉള്ളത്. ഒരു സ്വതന്ത്ര എംഎല്‍എ ബിജെപിയ്ക്കാണ് പിന്തുണ നല്‍കുന്നത്. സര്‍ക്കാരിന്‍റെ അംഗബലം 106 ആണ്. 

എന്നാല്‍ പ്രതിപക്ഷത്തിന് INC (66), JD(S) (34),  BSP (1) എന്നിങ്ങനെയാണ് കക്ഷിനില. 102 അംഗങ്ങളാണ് പ്രതിപക്ഷത്തുള്ളത്.  

ഡിസംബര്‍ 5നാണ് കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 9ന് വോട്ടെണ്ണല്‍ നടക്കും. എന്നാല്‍, ആർആർ നഗര്‍, മസ്കി എന്നീ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഇതുവരെയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. 

അതേസമയം, മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് എന്‍സിപിയും കോണ്‍ഗ്രസും മഹാ വികാസ് അഘാഡി രൂപീകരിച്ച് സര്‍ക്കാരുണ്ടാക്കിയത് കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യത്തിലും മാറ്റം വരുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.