കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുകുന്നു..

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കള്ളപ്പണം ഒഴുകുന്നുതായി റിപ്പോര്‍ട്ട്. 

Sheeba George | Updated: Dec 3, 2019, 01:40 PM IST
കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുകുന്നു..

ബംഗളൂരു: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കള്ളപ്പണം ഒഴുകുന്നുതായി റിപ്പോര്‍ട്ട്. 

ഇന്നലെ മാത്രം സംസ്ഥാനത്ത് പിടികൂടിയത് 42 ലക്ഷം രൂപയാണ്. അതേസമയം, ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്ശേഷം ഇതുവരെ പിടികൂടിയത് 3,69,18,325 കോടി രൂപയാണ്. 

ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സ്റ്റാറ്റിക് സര്‍വൈല്യന്‍സ് ടീം (എസ്.എസ്.ടി) സംസ്ഥാനത്ത് പരിശോധന നടത്തുന്നത്.  പിടിച്ചെടുക്കുന്നത് രേഖകളില്ലാത്ത ലക്ഷങ്ങള്‍. 

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്റ്റാറ്റിക് സര്‍വൈല്യന്‍സ് ടീം പരിശോധന സജീവമാക്കിയിരുന്നു. 323 ഫ്ലയി൦ഗ്  സ്‌ക്വാഡുകളും 578 എസ്.എസ്.ടി സംഘങ്ങളുമാണ് സംസ്ഥാനത്ത് പരിശോധന സജീവമാക്കിയിരിക്കുന്നത്. എസ്.എസ്.ടി സംഘം സംസ്ഥാനത്തുടനീളം ഇതുവരെ നടത്തിയ പരിശോധനയില്‍ 3,69,18,325 രൂപ പിടിച്ചെടുത്തതായും ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു.

പരിശോധന കൂടാതെ, ഫ്ലയി൦ഗ് സ്‌ക്വാഡ് 195 കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്.എസ്.ടി 7 കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1,21,538 രൂപ വിലമതിക്കുന്ന 435 ലിറ്റര്‍ ഐ.എം.എലും മറ്റ് മദ്യങ്ങളും സംസ്ഥാന എക്‌സൈസ് വകുപ്പ് പിടിച്ചെടുക്കുകയുണ്ടായി.

പരിശോധനയില്‍ ലൈസന്‍സ് ലംഘനം ഉള്‍പ്പെടെ 51 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൊത്തം 4,68,37,794 രൂപയുടെ മദ്യം മാത്രം പിടിച്ചെടുത്തതായും സംഘം പത്രക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, ഏതെല്ലാം രാഷ്ട്രീയപാര്‍ട്ടികളുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത് എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. 

എന്നാല്‍, ഈ വിഷയത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കോടികള്‍ ഒഴുക്കുകയാണെന്നും അതിനോട് മത്സരിച്ചു ജയിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.