കര്‍ണാടക: കോണ്‍ഗ്രസ്-ജെഡിഎസ് സീറ്റു ധാരണയായി

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കര്‍ണാടകയില്‍ സീറ്റു ധാരണയിലെത്തി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം. 

Updated: Mar 14, 2019, 11:33 AM IST
കര്‍ണാടക: കോണ്‍ഗ്രസ്-ജെഡിഎസ് സീറ്റു ധാരണയായി

ബംഗളൂരു: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കര്‍ണാടകയില്‍ സീറ്റു ധാരണയിലെത്തി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം. 

നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സീറ്റുവിഭജനത്തില്‍ ധാരണയായത്‌. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ ദേവഗൗഡയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സീറ്റ് ധാരണയായത്. 10 സീറ്റുകള്‍ വേണമെന്ന വാശിയില്‍ ജെഡിഎസ് ഉറച്ചു നിന്നെങ്കിലും, ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ തീരുമാനമാകുകയായിരുന്നു.

തീരുമാനമനുസരിച്ച് 20 സീറ്റുകളില്‍ കോണ്‍ഗ്രസും 8 സീറ്റുകളില്‍ ജെഡിഎസും മത്സരിക്കും. ഉത്തര കന്നഡ, ചിക്കമംഗളൂരു, ഷിമോഗ, തുംകൂര്‍, ഹാസന്‍, മാണ്ഡ്യ, ബംഗളൂരു നോര്‍ത്ത്, വിജയപുര എന്നീ സീറ്റുകളില്‍  ജെഡിഎസ് മത്സരിക്കും. സീറ്റു വിഭജനത്തില്‍ തര്‍ക്കം നിലനിന്നിരുന്ന മാണ്ഡ്യ സീറ്റില്‍ ജെഡിഎസ് മത്സരിക്കും. 

തുടക്കത്തില്‍ 12 സീറ്റ് വേണമെന്ന ആവശ്യമുന്നയിച്ച ജെഡിഎസ് ഒടുക്കം 8 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. 

അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക 16ന് തന്നെ പ്രഖ്യാപിക്കുമെന്ന് കര്‍ണാടക പിസിസി അദ്ധ്യക്ഷന്‍  ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

മാണ്ഡ്യ സീറ്റില്‍ മത്സരിക്കുക ദേവഗൗഡയുടെ ചെറുമകന്‍ നിഖില്‍ കുമാരസ്വാമിയാണ്. എന്നാല്‍, ഈ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കാം. കാരണം, ഈ മണ്ഡലത്തില്‍ നടി സുമലത സ്വതന്ത്രയായി മത്സരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്നു പ്രതീക്ഷയുണ്ടെന്നും അല്ലാത്തപക്ഷം സ്വതന്ത്രയായി മത്സരിക്കുമെന്നും സുമലത നേരത്തെ വ്യക്തമാക്കിയിരുന്നു.