കര്‍"നാടകം": ഡി. കെ. ശിവകുമാറിനെതിരെ "ഗോ ബാക്ക്" വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍!!

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ മുംബൈയ്ക്ക് പറന്ന കോണ്‍ഗ്രസ് നേതാവ് ഡി. കെ. ശിവകുമാറിന് തിരിച്ചടി!!

Last Updated : Jul 10, 2019, 10:05 AM IST
കര്‍"നാടകം": ഡി. കെ. ശിവകുമാറിനെതിരെ "ഗോ ബാക്ക്" വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍!!

മുംബൈ: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ മുംബൈയ്ക്ക് പറന്ന കോണ്‍ഗ്രസ് നേതാവ് ഡി. കെ. ശിവകുമാറിന് തിരിച്ചടി!!

രാജിവച്ച വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിനു മുന്നില്‍ എത്തിയ ഡി.കെ ശിവകുമാറിനെ മുംബൈ പൊലീസ് തടഞ്ഞു. അതിരാവിലെയാണ് ശിവകുമാര്‍ മുംബൈയിലെത്തിയത്. എന്നാല്‍ ശിവകുമാറിനെ ഹോട്ടലില്‍ പ്രവേശിപ്പിക്കാന്‍ മുംബൈ പൊലീസ് കൂട്ടാക്കിയില്ല. 

ഹോട്ടലില്‍ തങ്ങള്‍ മുറിയെടുത്തിട്ടുണ്ടെന്നും ആര്‍ക്കും തന്നെ തടയാനാവില്ലെന്നും ശിവകുമാര്‍ ഹോട്ടലിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടാതെ, താന്‍ മുംബൈയിലെത്തിയത് പാര്‍ട്ടിയിലെ സുഹൃത്തുക്കളെ കാണാനാണെന്നും മുംബൈ പൊലീസ് അവരുടെ ജോലി ചെയ്യട്ടേയെന്നും ശിവകുമാര്‍ പറഞ്ഞു. ഒരുമിച്ചാണ് ഞങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നതും ഒരുമിച്ചായിരിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.

കൂടാതെ, ബിജെപി പ്രവര്‍ത്തകരും ഹോട്ടലിന് പുറത്ത് പ്രതിഷേധിക്കുന്നുണ്ട്. ശിവകുമാര്‍ മടങ്ങിപ്പോവണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നത്. എങ്ങും ഡി.കെ ശിവകുമാറിനെതിരെ "ഗോ ബാക്ക്" വിളികള്‍ മാത്രം!!

ബിജെപി പ്രവര്‍ത്തകര്‍ ഹോട്ടലിന് വെളിയില്‍ പ്രതിഷേധിക്കുമ്പോള്‍ വിമതരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബിജെപി നേതാക്കള്‍ ഹോട്ടലില്‍ തങ്ങുന്നുണ്ട്. ബിജെപി നേതാക്കളായ മോഹിത് കംബോജ്, പ്രസാദ്‌ ലാഡ് എന്നിവരാണ്‌ ഹോട്ടലില്‍ തങ്ങിയിരിക്കുന്ന ബിജെപി നേതാക്കള്‍. 

അതേസമയം, കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന പവായിലെ ഹോട്ടലിന് മുന്നില്‍ വിമതരുടെ ആവശ്യപ്രകാരം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 10 എംഎല്‍എമാരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഇതില്‍ 7 പേര്‍ കോണ്‍ഗ്രസ് എംഎല്‍എമാരും 3 ജെഡിഎസ് എംഎല്‍എമാരുമാണ്.

സഖ്യസര്‍ക്കാരിനെതിരായ വികാരം നിലനില്‍ക്കുന്നതിനാലാണ് തങ്ങള്‍ രാജിവച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിട്ടില്ലെന്നും വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറയുന്നു. ഡി. കെ. ശിവകുമാറിനെ കാണാനോ അദ്ദേഹവുമായി ചര്‍ച്ചയ്ക്കോ തങ്ങള്‍ തയ്യാറല്ലെന്നും അവര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയും ശിവകുമാറിനൊപ്പം മുംബൈയില്‍ എത്തിയിട്ടുണ്ട്.

ഭരണകക്ഷിയില്‍നിന്നും 2 സ്വതന്ത്രര്‍ ഉള്‍പ്പെടെ 15 അംഗങ്ങളാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ, എല്ലാ കോണ്‍ഗ്രസ്‌ മന്ത്രിമാരും മന്ത്രിസഭയില്‍നിന്നും രാജി സമര്‍പ്പിച്ചു. ഈ സാഹചര്യത്തില്‍ എച്ച്‌.ഡി കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷിയായ ബിജെപി ആവശ്യപ്പെട്ടു.

 

Trending News