ചിത്രം വ്യക്തം; കോണ്‍ഗ്രസിന് 22 മന്ത്രിമാര്‍; ഉപമുഖ്യമന്ത്രി പരമേശ്വര തന്നെ

നാളെയാണ് എച്ച്.ഡി കുമാരസ്വാമി കര്‍ണാടകയുടെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്

Last Updated : May 22, 2018, 08:44 PM IST
ചിത്രം വ്യക്തം; കോണ്‍ഗ്രസിന് 22 മന്ത്രിമാര്‍; ഉപമുഖ്യമന്ത്രി പരമേശ്വര തന്നെ

ന്യൂഡല്‍ഹി: രാഷ്ട്രീയ-നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ അധികാരമേല്‍ക്കാന്‍ തയ്യാറെടുക്കുന്ന കര്‍ണാടകയിലെ എച്ച.ഡി കുമാരസ്വാമി സര്‍ക്കാരിന്‍റെ മന്ത്രിസഭയ്ക്ക് രൂപരേഖയായി. 33 അംഗ മന്ത്രിസഭയില്‍ 22 മന്ത്രിസ്ഥാനങ്ങളും കോണ്‍ഗ്രസിന് നല്‍കും. ഉപമുഖ്യമന്ത്രിയായി കര്‍ണാടക പിസിസി അധ്യക്ഷന്‍ ജി.പരമേശ്വര ചുമതലയേല്‍ക്കും. 

സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ പങ്കുവയ്ക്കല്‍ ഫോര്‍മുല പുറത്തു വരുന്നത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുമായും നിലവിലെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും കുമാരസ്വാമി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സമവാക്യങ്ങള്‍ ഉരുത്തിരിഞ്ഞത്. 

മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് വ്യക്തത വന്നെങ്കിലും വകുപ്പുകള്‍ ഏതൊക്കെയാകും എന്നത് വിശ്വാസവോട്ടിന് ശേഷമാകും തീരുമാനിക്കുക. നാളെയാണ് എച്ച്.ഡി കുമാരസ്വാമി കര്‍ണാടകയുടെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനകം വിശ്വാസവോട്ട് തേടാനാണ് കുമാരസ്വാമിയുടെ തീരുമാനം. അതുവരെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ റിസോര്‍ട്ടുകളില്‍ തുടരും. 

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മായാവതി. ചന്ദ്രശേഖര്‍ രാവു, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ്, തേജസ്വി യാദവ്, അരവിന്ദ് കേജരിവാള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

Trending News