കോണ്‍ഗ്രസിനെതിരെ പ്രതിരോധ തന്ത്രം മെനഞ്ഞ് ബിജെപി; അമിത് ഷായുടെ വസതിയില്‍ അടിയന്തര യോഗം

കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാന്‍ കേന്ദ്രമന്ത്രിമാരെ ബെംഗളൂരുവിലേക്ക് അയച്ചു.

Last Updated : May 15, 2018, 03:49 PM IST
കോണ്‍ഗ്രസിനെതിരെ പ്രതിരോധ തന്ത്രം മെനഞ്ഞ് ബിജെപി; അമിത് ഷായുടെ വസതിയില്‍ അടിയന്തര യോഗം

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ ചടുല നീക്കത്തില്‍ അമ്പരന്ന് ബിജെപി കേന്ദ്ര നേതൃത്വം. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ നീക്കത്തെ പ്രതിരോധിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വസതിയില്‍ അടിയന്തര യോഗം വിളിച്ചു. 

കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാന്‍ കേന്ദ്രമന്ത്രിമാരെ ബെംഗളൂരുവിലേക്ക് അയച്ചു. പ്രകാശ് ജാവദേക്കര്‍ അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയിലെത്തി ചര്‍ച്ച നടത്തി. ജെ.പി നഡ്ഡാ, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ ഇന്ന് ബെംഗളൂരുവിലെത്തും. 

അതിനിടെ, ഗവര്‍ണറെ കാണാനെത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന് അനുമതി നിഷേധിച്ചു. ജി.പരമേശ്വരയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രതിനിധി സംഘം ഗവര്‍ണറുടെ വസതിയിലെത്തിയത്. 

 

 

ജെഡിഎസിന് നിരുപാധിക പിന്തുണയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ അധികാരത്തില്‍ നിന്ന് മാറ്റി നിറുത്തുന്നതിനും ഭരണ തുടര്‍ച്ചയുണ്ടാകുന്നതിനും ഉചിതമായ രാഷ്ട്രീയ തീരുമാനമാണിതെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. 

എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഗവര്‍ണര്‍ ആരെ ക്ഷണിക്കുമെന്നതും നിര്‍ണായകമാണ്. കേന്ദ്രത്തിന് രാജ്ഭവനിലുള്ള സ്വാധീനം ഉപയോഗപ്പെടുത്താനായിരിക്കും ബിജെപിയുടെ ശ്രമം. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ക്ഷണിക്കാവുന്നതാണ്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് സാവകാശം ലഭിക്കുകയും ചെയ്യും. ഈ സാധ്യത ബിജെപി ഉപയോഗപ്പെടുത്തുമോ എന്നതും ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. 

Trending News