കുരങ്ങന്‍മാരെ ഓടിക്കാന്‍ പട്ടിയെ "കടുവ"യാക്കി കര്‍ഷകന്‍‍!!

ശല്യക്കാരായ വാനരക്കൂട്ടത്തെ തുരത്താന്‍ പട്ടിയെ കടുവയാക്കി കര്‍ഷകന്‍. 

Sheeba George | Updated: Dec 3, 2019, 01:10 PM IST
കുരങ്ങന്‍മാരെ ഓടിക്കാന്‍ പട്ടിയെ "കടുവ"യാക്കി കര്‍ഷകന്‍‍!!

ശിവമോഗ, കര്‍ണാടക: ശല്യക്കാരായ വാനരക്കൂട്ടത്തെ തുരത്താന്‍ പട്ടിയെ കടുവയാക്കി കര്‍ഷകന്‍. 

കൃഷി നശിപ്പിക്കാൻ എത്തുന്ന കുരങ്ങൻമാരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയായിരുന്നു കർണാടകയിലെ കർഷകർ. 
പ്രകൃതിക്ഷോഭം വഴിയുണ്ടാകുന്ന വിളനാശത്തിന് പുറമെയായിരുന്നു വാനരക്കൂട്ടം നടത്തുന്ന ആക്രമണം. കുരങ്ങൻമാരെ തുരത്താന്‍ പഠിച്ച പണി പലതും പയറ്റിയെങ്കിലും വാനരക്കൂട്ടം കൃഷിയിടത്തിൽ വിളവ് നശിപ്പിക്കല്‍ തുടരുകയായിരുന്നു. ഒടുവിൽ അവർ അതിന് പ്രതിവിധി കണ്ടെത്തി. 

കുരങ്ങൻമാരെ തുരത്താന്‍ കര്‍ഷകര്‍ കണ്ടെത്തിയ സൂത്രപ്പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങന്മാരെ തുരത്താനായി കര്‍ഷകന്‍ കണ്ടെത്തിയ സൂത്രപ്പണി തന്‍റെ വളര്‍ത്തു നായയെ പെയിന്‍റടിച്ച് കടുവയാക്കുകയാണ്. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം.

തീര്‍ത്തഹള്ളി താലൂക്കിലെ നളൂരു ഗ്രാമത്തിലെ കര്‍ഷകനായ ശ്രീകാന്ത് ഗൗഡയാണ് നായയ്ക്ക് കടവയുടെ നിറം നല്‍കിയത്.
അതിന് കാരണവുമുണ്ട്. കര്‍ണാടകയിലെ ചില ഗ്രാമങ്ങളില്‍ കൃഷിയിടങ്ങളിലെ ശല്യക്കാരെ തുരത്താനായി കടുവയുടെ പാവ ഉപയോഗിക്കാറുണ്ട്. അതുപോലെ ഒരു പാവയെ തന്‍റെ കൃഷിയിടത്തില്‍ അദ്ദേഹം സ്ഥാപിച്ചു. അപ്പോള്‍ കുരങ്ങന്മാരുടെ ശല്യം കുറഞ്ഞു.

കൃഷിയടത്തിന്‍റെ പലയിടങ്ങളിലായി കടുവയുടെ രൂപത്തിലുള്ള പാവ മാറിമാറി സ്ഥാപിച്ചു. ആ പ്രദേശത്തേക്ക് കുരങ്ങന്മാര്‍ വന്നില്ല. എന്നാല്‍ ഇത് എപ്പോഴും പ്രാവര്‍ത്തികമാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കര്‍ഷകന്‍ തന്‍റെ വളര്‍ത്തുനായക്ക് കടുവയുടെ നിറം കൊടുത്തത്. ഹെയര്‍ ഡൈ ആണ് നിറത്തിനായി ഉപയോഗിച്ചത്. ഒരു മാസം വരെ ഈ നിറം നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ദിവസവും കര്‍ഷകനൊപ്പം "കടുവ"യുടെ രൂപത്തില്‍ കൃഷിയിടത്തിലൂടെ സഞ്ചരിക്കുന്ന നായയെക്കണ്ട് എന്തായാലും കുരങ്ങന്‍മാര്‍ ഓടിക്കളഞ്ഞു.

കാപ്പി, അടക്ക മുതലായവയാണ് കർണാടകയിലെ ശിവമോഗയിലെ പ്രധാനകൃഷി. കര്‍ഷകന്‍ കണ്ടെത്തിയ സൂത്രപ്പണി ഇപ്പോള്‍ ഗ്രാമം മുഴുവൻ ഏറ്റെടുത്തിരിയ്ക്കുകയാണ്.