കര്‍ണാടകം പിടിക്കാന്‍ ബിജെപി; മോദിയും അമിത് ഷായും പ്രചാരണത്തിന്

ദക്ഷിണേന്ത്യയില്‍ 50 സീറ്റെന്ന ലക്ഷ്യം കൈവരിക്കാന്‍ കര്‍ണാടകത്തില്‍ പിടിമുറുക്കി ബിജെപി. 

Updated: Feb 2, 2019, 01:06 PM IST
കര്‍ണാടകം പിടിക്കാന്‍ ബിജെപി; മോദിയും അമിത് ഷായും പ്രചാരണത്തിന്

ബംഗളൂരു: ദക്ഷിണേന്ത്യയില്‍ 50 സീറ്റെന്ന ലക്ഷ്യം കൈവരിക്കാന്‍ കര്‍ണാടകത്തില്‍ പിടിമുറുക്കി ബിജെപി. 

കര്‍ണാടകത്തില്‍ ലോക്സഭാ സീറ്റുകള്‍ തൂത്തുവാരാന്‍ തകര്‍പ്പന്‍ പദ്ധതികളാണ് ബിജെപി പ്ലാന്‍ ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രമുഖ നേതാക്കള്‍ സംസ്ഥാനത്ത് എത്തും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി മോദിയും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും നിരവധി റാലികളില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 10നും 19 നും കര്‍ണാടകത്തില്‍ എത്തും. കൂടാതെ, അമിത് ഷാ ഈ മാസം 14നും 21നും സംസ്ഥാനത്ത് പ്രചരണം നടത്തു൦. സംസ്ഥാനത്ത് 22 സീറ്റ് നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന്‍ യെദ്യൂരപ്പ പറഞ്ഞു. 

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ കര്‍ണാടകത്തില്‍ നിന്നും 22 സീറ്റുകള്‍ ബിജെപിക്ക് നേടണം, സീറ്റുകള്‍ നേടാനാകുമെന്ന ആത്മവിശ്വാസവും ഉണ്ട്' യെദ്യൂരപ്പ പറഞ്ഞു.

ആകെയുള്ള 28 സീറ്റുകളില്‍ 22 സീറ്റ് നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ 17 എണ്ണത്തില്‍ ബിജെപി വിജയിച്ചു. കോണ്‍ഗ്രസിന് 9 ഉം ദളിന് 2 സീറ്റുകളുമാണ് ലഭിച്ചത്.

കോണ്‍ഗ്രസും ജനതാ ദളും തനിച്ച്‌ തിരഞ്ഞെടുപ്പിനെ നേരിട്ടതായിരുന്നു ബിജെപിക്ക് വലിയ വിജയം ഒരുക്കുന്നതില്‍ പ്രധാന ഘടകമായത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. 

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദിയും അമിത് ഷായും കര്‍ണാടകത്തില്‍ നേരിട്ട് എത്തുന്നതോടെ പ്രചാരണം കൊഴുക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞു. റാലികളേകുറിച്ചും പ്രചരണ തന്ത്രങ്ങളെ കുറിച്ചും ബിജെപി പദ്ധതി തയ്യാറാക്കി കഴിഞ്ഞെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള പി മുരളീധര റാവു പറഞ്ഞു.