കര്‍"നാടകം": ഡി. കെ. ശിവകുമാര്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ മുംബൈയ്ക്ക് പറന്ന കോണ്‍ഗ്രസ് നേതാവ് ഡി. കെ. ശിവകുമാറിന്‍റെ പദ്ധതികളെല്ലാം തകര്‍ത്ത് മുംബൈ പൊലീസ്!! ശിവകുമാറിനെ കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്. 

Last Updated : Jul 10, 2019, 04:08 PM IST
കര്‍"നാടകം": ഡി. കെ. ശിവകുമാര്‍ പൊലീസ് കസ്റ്റഡിയില്‍

മുംബൈ: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ മുംബൈയ്ക്ക് പറന്ന കോണ്‍ഗ്രസ് നേതാവ് ഡി. കെ. ശിവകുമാറിന്‍റെ പദ്ധതികളെല്ലാം തകര്‍ത്ത് മുംബൈ പൊലീസ്!! ശിവകുമാറിനെ കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്. 

 

പ്രശ്ന പരിഹാരത്തിനായി മുംബൈയിലെത്തിയ ശിവകുമാറിന് എല്ലാ തരത്തിലും തിരിച്ചടി നല്‍കാന്‍ തയ്യാറായിരുന്നു മുംബൈ പൊലീസ്. അതിരാവിലെയാണ് ശിവകുമാര്‍ മുംബൈയിലെത്തിയത്. രാജിവച്ച വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിനു മുന്നില്‍ എത്തിയ ഡി.കെ ശിവകുമാറിനെ മുംബൈ പൊലീസ് തടഞ്ഞു. ശിവകുമാറിനെ ഹോട്ടലില്‍ പ്രവേശിപ്പിക്കാന്‍ മുംബൈ പൊലീസ് കൂട്ടാക്കിയില്ല. 

തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്നും ശിവകുമാറിനെ ഹോട്ടലിലേക്ക് അനുവദിക്കരുതെന്നും വിമത എംഎല്‍എമാര്‍ മുംബൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനാലാണ് വിമതര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് ശിവകുമാറിനെയും ഗൗഡയെയും പ്രവേശിപ്പിക്കാത്തതെന്ന് പൊലീസ് കാരണമായി ചൂണ്ടിക്കാട്ടി. 

എന്നാല്‍, എംഎല്‍എമാരെ കാണുവാന്‍ വേണ്ടി 6 മണിക്കൂറിലധികം ശിവകുമാര്‍ റിസോര്‍ട്ടിന് മുന്നില്‍ കാത്തുനിന്നു. എംഎല്‍എമാരെ കാണാതെ തിരിച്ചു പോകില്ലെന്ന നിലപാടിലായിരുന്നു ശിവകുമാര്‍. ഇതിനിടെ ഹോട്ടലിന് സമീപം റിസോര്‍ട്ട് പരിസരത്ത് പൊലീസ് രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം, ബിജെപി പ്രവര്‍ത്തകരും, വിമത എംഎല്‍എമാരുടെ അനുയായികളും ശിവകുമാറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. 

ഹോട്ടലില്‍ തങ്ങള്‍ മുറിയെടുത്തിട്ടുണ്ടെന്നും ആര്‍ക്കും തന്നെ തടയാനാവില്ലെന്നും താന്‍ മുംബൈയിലെത്തിയത് പാര്‍ട്ടിയിലെ സുഹൃത്തുക്കളെ കാണാനാണെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു. ഇതിനിടെ ശിവകുമാറിന്‍റെ റൂം ബുക്കി൦ഗ് ഹോട്ടല്‍ ക്യാന്‍സല്‍ ചെയ്തു. ശിവകുമാറിനെ കാണാന്‍ താല്‍പര്യമില്ലെന്ന് കോണ്‍ഗ്രസ് വിമത എംഎല്‍എ രമേഷ് ജര്‍ക്കിഹോളി പ്രതികരിച്ചു. തുടര്‍ന്ന് സ്ഥിതി വഷളായതോടെ ഉച്ചയോടെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

കര്‍ണാടക രാഷ്ട്രീയം പോലെ മുംബൈയിലെ റിസോര്‍ട്ട് പരിസരവും നാടകീയ രംഗങ്ങള്‍ക്കാണ് ഇന്ന് വേദിയായത്. 
അതേസമയം, ബംഗളൂരുവില്‍ രാജ് ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ്‌ ഗുലാം നബി ആസാദടക്കം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

അധികാരം പിടിച്ചെടുക്കാനും അധികാരം നിലനിര്‍ത്താനും രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഇത്തരം നാടകങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ ലജ്ജാകരമാണ്. ജനങ്ങള്‍ തങ്ങളുടെ വിലപ്പെട്ട "വോട്ട്" നല്‍കി വിജയിപ്പിച്ചയയ്ക്കുന്ന നേതാക്കള്‍ പണത്തിന്‍റെയും അധികാരത്തിന്‍റെയും പിന്നാലെ പായുമ്പോള്‍ കൊല ചെയ്യപ്പെടുന്നത് "ജനാധിപത്യ൦" തന്നെ.... 

 

Trending News