"കര്‍"നാടകം": സുപ്രീംകോടതി വഴങ്ങിയില്ല, സ്പീക്കര്‍ ഓഫീസിലെത്തി

കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നു. വിഷയത്തില്‍ സുപ്രീംകോടതി ഇടപെട്ടതോടെ വിമത എംഎല്‍എമാര്‍ സ്പീക്കറെ കണ്ട് രാജി സമര്‍പ്പിക്കാനായി ബംഗളൂരുവിലെത്തി.

Last Updated : Jul 11, 2019, 05:42 PM IST
"കര്‍"നാടകം": സുപ്രീംകോടതി വഴങ്ങിയില്ല, സ്പീക്കര്‍ ഓഫീസിലെത്തി

ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നു. വിഷയത്തില്‍ സുപ്രീംകോടതി ഇടപെട്ടതോടെ വിമത എംഎല്‍എമാര്‍ സ്പീക്കറെ കണ്ട് രാജി സമര്‍പ്പിക്കാനായി ബംഗളൂരുവിലെത്തി.

ഇന്ന് 6 മണിക്ക് മുന്‍പ് സ്പീക്കറുടെ മുന്‍പില്‍ ഹാജരായി രാജി സംബന്ധിച്ച അവരുടെ തീരുമാനം അറിയിക്കണമെന്ന് വിമത എംഎല്‍എമാരോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ, എംഎല്‍എമാരുടെ രാജിയില്‍ ഇന്നുതന്നെ തീരുമാനമെടുക്കണമെന്നും സ്പീക്കര്‍ കെ ആര്‍ രമേഷ്‌ കുമാറിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഈ വിഷയത്തില്‍ വെള്ളിയാഴ്ച സുപ്രീംകോടതി വീണ്ടും വാദം കേള്‍ക്കും. 

മുംബൈയിലായിരുന്ന വിമത എംഎല്‍എമാര്‍ സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന പരാതിയുമയി ബുധനാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സ്പീക്കര്‍ മനപ്പൂര്‍വം രാജി സ്വീകരിക്കുന്നില്ലെന്നായിരുന്നു എംഎല്‍എമാരുടെ പരാതി. 
പരാതിയുടെ ഗൗരവം കണക്കിലെടുത്ത് അടുത്ത ദിവസം തന്നെ സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുകയായിരുന്നു.

അതേസമയം, വിമത എംഎല്‍എമാരുടെ രാജിക്കത്തുകളില്‍ തീരുമാനം എടുക്കാന്‍ സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ സുപ്രീംകോടതിയില്‍. രാജി കത്തുകളില്‍ ഒരുദിവസം കൊണ്ട് തീരുമാനം എടുക്കാനാകില്ലെന്നാണ് കര്‍ണാടക സ്പീക്കര്‍ സുപ്രീംകോടതിയെ അറിയിച്ചത്. സുപ്രീംകോടതിയുടെ അഭ്യര്‍ത്ഥന പ്രായോഗികമല്ലെന്നും ഭരണഘടനാ വിരുദ്ധമാകുമെന്നുമാണ് സ്പീക്കര്‍ വാദിച്ചത്. 

എന്നാല്‍, അടിയന്തരമായി കേസ് പരിഗണിക്കണമെന്ന സ്പീക്കറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സ്പീക്കറോട് ഹര്‍ജി നല്‍കാന്‍ ആവശ്യപ്പെട്ട കോടതി ഹര്‍ജി നാളെ പരിഗണിക്കാമെന്നും അറിയിച്ചു

 

Trending News