ലഖ്നൗവില്‍ കശ്മീരികള്‍ക്ക് നേരെ ആക്രമണം; ഒരാള്‍ അറസ്റ്റില്‍

ഉണങ്ങിയ പഴങ്ങള്‍ വില്‍പ്പന നടത്തുന്നവരാണ് ആക്രമണത്തിന് ഇരയായത്.     

Last Updated : Mar 7, 2019, 01:50 PM IST
ലഖ്നൗവില്‍ കശ്മീരികള്‍ക്ക് നേരെ ആക്രമണം; ഒരാള്‍ അറസ്റ്റില്‍

ലഖ്നൗ: ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവില്‍ കശ്മീരികളെ ആക്രമിച്ചു. വഴി കച്ചവടക്കാരായ രണ്ടു പേര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സെന്‍ട്രല്‍ ലഖ്നൗവിലെ ദലിഗംജില്‍ ബുധനാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം.

ഉണങ്ങിയ പഴങ്ങള്‍ വില്‍പ്പന നടത്തുന്നവരാണ് ആക്രമണത്തിന് ഇരയായത്. ഇവര്‍ വഴിയരികില്‍ ഇരുന്ന് കച്ചവടം നടത്തുന്നതിനിടെ കാവി വേഷധാരികളായ രണ്ടു പേര്‍ എത്തി ആക്രമിക്കുകയായിരുന്നു. വടി ഉപയോഗിച്ച് ക്രൂരമായി അടിച്ചു. തല്ലരുതെന്ന് അപേക്ഷിച്ചിട്ടും ഇവര്‍ മര്‍ദനം തുടര്‍ന്നു.

അക്രമികളിലൊരാള്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. രണ്ടാമത്തെ കച്ചവടക്കാരനെയും ആക്രമിച്ചതിനു ശേഷം അടുത്തയാളെ അക്രമികള്‍ ലക്ഷ്യമിട്ടപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു. നിയമം കൈയിലെടുക്കരുതെന്നും തങ്ങള്‍ പോലീസില്‍ വിവരം അറിയിക്കുമെന്നും നാട്ടുകാര്‍ ഭീഷണിപ്പെടുത്തി.

ഇതോടെയാണ് അവര്‍ പിന്തിരിഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിശ്വഹിന്ദു ദള്‍ പ്രസിഡന്റ് എന്ന് അവകാശപ്പെടുന്ന ആളാണ് പ്രധാനപ്രതി. കശ്മീരികളെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ഇയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

 

Trending News