ഹിന്ദുവെന്നോ, മുസ്ലിമെന്നോ ഇല്ല, അവര്‍ കുഞ്ഞുങ്ങള്‍ തന്നെ

ജമ്മു കശ്മീരിലെ കത്വ ഗ്രാമത്തില്‍ അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ പിതാവ് പോക്സോ നിയമ ഭേദഗതിയില്‍ ആശ്വാസം പ്രകടിപ്പിച്ചു.

Last Updated : Apr 21, 2018, 06:21 PM IST
ഹിന്ദുവെന്നോ, മുസ്ലിമെന്നോ ഇല്ല, അവര്‍ കുഞ്ഞുങ്ങള്‍ തന്നെ

ശ്രിനഗര്‍: ജമ്മു കശ്മീരിലെ കത്വ ഗ്രാമത്തില്‍ അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ പിതാവ് പോക്സോ നിയമ ഭേദഗതിയില്‍ ആശ്വാസം പ്രകടിപ്പിച്ചു.

നിയമത്തിന്‍റെ നൂലാമാലകള്‍ മനസ്സിലാക്കാത്ത ആ പിതാവ് നീതി ലഭിക്കുമെന്ന കാര്യത്തില്‍ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. അതുകൂടാതെ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നും അഭിപ്രായപ്പെട്ടു.
 
കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നിയമഭേദഗതിയെപ്പറ്റി ചോദിച്ചപ്പോള്‍ കുഞ്ഞുങ്ങള്‍, അവര്‍ കുഞ്ഞുങ്ങള്‍ തന്നെ. അവരില്‍ ഹിന്ദുവെന്നോ, മുസ്ലിമെന്നോ ഇല്ല എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യമൊട്ടാകെ പ്രതിഷേധമുയര്‍ത്തിയ ഒരു സംഭവമായിരുന്നു കത്വയില്‍ നടന്ന പീഡനം. രാജ്യത്ത് മാത്രമല്ല അന്താരാഷ്ട്രതലത്തില്‍പോലും ഇന്ത്യയ്ക്ക് തല കുനിയ്ക്കേണ്ടതായി വന്നു. 

 കഴിഞ്ഞ ജനുവരി 10 നാണ് കുട്ടിയെ കാണാതാകുന്നത്. നാടോടികളായ ആട്ടിടയ (ബക്കര്‍വാല്‍) വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു പെണ്‍കുട്ടി. കാണാതായ ദിവസം വീടിനടുത്ത് കുതിരയെ മേയ്ക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി‍. 17ന് പ്രദേശത്തെ ക്ഷേത്രത്തില്‍നിന്ന് അധികം അകലെയല്ലാതെ ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു. ജനുവരി 23ന് സംസ്ഥാന സർക്കാർ കേസന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. അതേതുടര്‍ന്നാണ് പ്രതികൾ പിടിയിലായത്. കുറ്റപത്രത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നപ്പോഴാണ് ആ പിഞ്ചുബാലിക എത്രത്തോളം വേദനയിലൂടെയാണു കടന്നുപോയതെന്നു പുറം ലോകം അറിയുന്നത്.

പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കുമെന്നും കേസന്വേഷണം വേഗത്തിലാണ് നടക്കുന്നതെന്നും നീതി നടപ്പാകുന്നത് തടയാൻ ആരേയും അനുവദിക്കില്ലയെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടിരുന്നു. 

അതുകൂടാതെ, കത്വ പീഡനകേസിന്‍റെ അന്വേഷണം വളരെ വിദഗ്ധമായാണ് നടക്കുന്നതെന്നും ജില്ലാകോടതി മാത്രമല്ല സുപ്രീംകോടതി പോലും കേസിന്‍റെ പുരോഗതിയെക്കുറിച്ച് ആരായുന്നുണ്ട് എന്നും, കുറ്റവാളികള്‍ അവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും ജമ്മു-കശ്മീര്‍ നിയമമന്ത്രി അബ്ദുള്‍ ഹഖ് ഖാന്‍ അഭിപ്രായപ്പെട്ടു.  

 

 

Trending News