മോദിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കലല്ല കോണ്‍ഗ്രസിന്‍റെ പണി

കോണ്‍ഗ്രസ് നേതാക്കളുടെ മോദി അനുകൂല പ്രസ്താവനകളെ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. 

Last Updated : Aug 24, 2019, 03:23 PM IST
മോദിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കലല്ല കോണ്‍ഗ്രസിന്‍റെ പണി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളുടെ മോദി അനുകൂല പ്രസ്താവനകളെ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. 

നേതാക്കളുടെ അഭിപ്രായപ്രകടനങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കലല്ല കോണ്‍ഗ്രസിന്‍റെ പണിയെന്നും, നിലവിലെ സാമ്പത്തിക തകർച്ച അടക്കമുള്ളത് കൂടി കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്‍റെ പ്രസ്താവനക്ക് പിന്നാലെ അഭിഷേക് മനു സിങ്വിയും ശശി തരൂരും നിലപാട് വ്യക്തമാക്കിയതോടെയാണ് കെ.സി വേണുഗോപാല്‍ രംഗത്തെത്തിയത്.

‘നരേന്ദ്രമോദി നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ എതിര്‍ക്കണമെന്ന് കോണ്‍ഗ്രസ് ആരോടും പറഞ്ഞിട്ടില്ല. പക്ഷെ നരേന്ദ്രമോദിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന ജോലിയും കോണ്‍ഗ്രസിനില്ല. ഓരോരുത്തരുടെയും അഭിപ്രായം വ്യക്തിപരമാണ്. കോണ്‍ഗ്രസിന്‍റെ നിലപാട് വളരെ വ്യക്തമാണ്, ഈ സര്‍ക്കാര്‍ ചെയ്യുന്ന പല കാര്യങ്ങളും ജനദ്രോഹപരമാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനാണ്. അങ്ങനെ ചെയ്യുന്ന ഒരാളുടെ ഏതെങ്കിലും ഒരു നേട്ടമെടുത്ത് അദ്ദേഹം മഹാനാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല', കെ.സി വേണുഗോപാല്‍ പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാറിന്‍റെ നല്ലകാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന ജയറാം രമേശിന്‍റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് മോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ പ്രശംസനീയമാണെന്നുമായിരുന്നു ശശി തരൂര്‍ പറഞ്ഞത്. പിന്നാലെയാണ് സംഭവം ചര്‍ച്ചയായത്‌.

വ്യാഴാഴ്ചയായിരുന്നു മോദിയെ പിന്തുണച്ച് ജയറാം രമേശ് രംഗത്തുവന്നത്. ‘ 2014നും 2019നും ഇടയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രവര്‍ത്തനങ്ങളാണ് 30%ത്തിലേറെ വോട്ടു നേടി അധികാരത്തില്‍ തുടരാന്‍ സഹായകരമായത്. അത് പരിഗണിക്കേണ്ട സമയമാണിത്.’ എന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്.

മോദിയെ അഭിനന്ദിക്കാനല്ല മറിച്ച് ഭരണരംഗത്ത് അദ്ദേഹം കൊണ്ടുവന്ന രീതി തിരിച്ചറിയാനാണ് താന്‍ രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെടുന്നതെന്നും ജയറാം രമേശ് വിശദീകരിച്ചിരുന്നു.

അതേസമയം തന്‍റെ മോദി അനുകൂല പ്രസ്താവനയിൽ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ശശി തരൂർ എംപി വ്യക്തമാക്കി. 

 

Trending News