'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശം: തരൂരിനെതിരെ കേസ്

'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ നേരിടുന്ന ശശി തരൂരിനെതിരെ കേസ്. 

Updated: Jul 14, 2018, 11:32 AM IST
'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശം: തരൂരിനെതിരെ കേസ്

കൊല്‍ക്കത്ത: 'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ നേരിടുന്ന ശശി തരൂരിനെതിരെ കേസ്. 

ശശി തരൂര്‍ എം.പിക്കെതിരെ കൊല്‍ക്കത്ത കോടതിയിലാണ് കേസ്. രാജ്യത്തെ അപമാനിക്കുന്നതും മതപരമായ വികാരങ്ങളെ വേദനിപ്പിക്കുന്നതും രാജ്യത്തെ മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്നതുമായ തരത്തില്‍ പരാമര്‍ശം നടത്തിയെന്നാണ് അദ്ദേഹത്തിന്‍റെ പേരിലുള്ള ആരോപണം. 

കേസുമായി ബന്ധപ്പെട്ട് തരൂരിന് അഗസ്റ്റ് 14ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. അഭിഭാഷകനായ സുമീത്​ ചൗധരിയാണ്​ തരൂരിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത്​. 

റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ പീനല്‍ കോഡ് 153A/295A വകുപ്പുകളാണ് ശശി തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. തരൂര്‍ മാപ്പ് പറയാന്‍ വിസമ്മതിച്ചതും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ തന്‍റെ വിവാദ പരാമര്‍ശത്തിലൂടെ തരൂര്‍ മതേതര രാജ്യമായ ഇന്ത്യയെ 'ഇസ്ലാമിക്‌ സ്റ്റേറ്റ്' ന് തുല്യമായ പാകിസ്ഥാനുമായി താരതമ്യം ചെയ്തത് രാജ്യത്തിന് അപമാനകരമാണെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി. 

ബിജെപി വീണ്ടും അധികാരത്തിലെത്തിയാള്‍ അവർ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ ‘ഹിന്ദു പാകിസ്ഥാൻ’ ആക്കി മാറ്റുമെന്നുമായിരുന്നു തരൂരിന്‍റെ പ്രസ്താവന.

തരൂരിന്‍റെ ഈ പരാമര്‍ശത്തിനെതിരെ ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാൽ, താൻ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നവെന്ന നിലപാടായിരുന്നു തരൂരിന്‍റെത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യ ഇന്നത്തെപ്പോലെ നിലനിൽക്കുന്നതിനാവശ്യമായ ഘടകങ്ങളിലെല്ലാം മാറ്റം വരുത്തും. അങ്ങനെയെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കും. ന്യൂനപക്ഷങ്ങൾക്കു കൽപ്പിക്കപ്പെടുന്ന സമത്വം എടുത്തുകളയും. മഹാത്മാഗാന്ധിയും ജവാഹർലാൽ നെഹ്റുവും സർദാർ വല്ലഭ്ഭായി പട്ടേലും മൗലാന ആസാദും വിഭാവനം ചെയ്ത ഇന്ത്യയാകില്ല അത് എന്ന് തരൂർ അഭിപ്രായപ്പെട്ടിരുന്നു.

തരൂരിന്‍റെ പരാമർശത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വവും അതൃപ്തി അറിയിച്ചു. എങ്കിലും സംസ്ഥാന നേതൃത്വം തരൂരിന് പൂര്‍ണ്ണ പിന്തുണ നല്‍കി. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളായ രമേശ ചെന്നിത്തല എം എം ഹസ്സന്‍ ഒപ്പം എംഎല്‍എ മാരായ വി ഡി സതീശന്‍ വിടി ബല്‍റാം തുടങ്ങിയവര്‍ തരൂരിന് പരസ്യമായി പിന്തുണ നല്‍കി. കൂടാതെ തരൂരിന്‍റെ അഭിപ്രായം സംസ്ഥാന കോണ്‍ഗ്രസിന്‍റെ അഭിപ്രായമാണ് എന്ന് എംഎംഹസ്സന്‍ അഭിപ്രായപ്പെട്ടിരുന്നു.