കര്‍ണാടകയില്‍ വിശ്വാസ വോട്ടിനെ ചൊല്ലിയുള്ള തര്‍ക്കം നേര്‍ക്കുനേര്‍ പോരിലേക്ക്

ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്‌ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും.  

Last Updated : Jul 19, 2019, 08:34 AM IST
കര്‍ണാടകയില്‍ വിശ്വാസ വോട്ടിനെ ചൊല്ലിയുള്ള തര്‍ക്കം നേര്‍ക്കുനേര്‍ പോരിലേക്ക്

ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടിനെ ചൊല്ലിയുള്ള തര്‍ക്കം നേര്‍ക്കുനേര്‍ പോരിലേക്ക്. കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് ഉച്ചക്ക് മുന്‍പ് വിശ്വാസവോട്ട് തെളിയിക്കണമെന്ന ഗവര്‍ണറുടെ കത്തിനെതിരെ നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. 

ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്‌ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ചയ്ക്ക് മുന്‍പ് വേണ്ടെന്നാണ് സഖ്യത്തിലെ ധാരണ.

എന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ വിശ്വാസ വോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ഗവര്‍ണര്‍, മുഖ്യമന്ത്രി കുമാരസ്വാമിക്ക് അയച്ച കത്തില്‍ ഇക്കാര്യം ചൂണ്ടികാട്ടിയിരുന്നു. ഇന്ന് ഉച്ചക്ക് ഒന്നരമണിക്കകം വിശ്വാസ വോട്ട് തേടണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

അതേസമയം, വിശ്വാസവോട്ടെടുപ്പ് നടത്താത്തില്‍ പ്രതിഷേധിച്ച് യെദ്ദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി എംഎല്‍എമാര്‍ ഇന്നലെ മുതല്‍ വിധാന്‍ സൗധയില്‍ തുടങ്ങിയ പ്രതിഷേധം തുടരുകയാണ്. 

ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിക്കണമെന്നും വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഈ സാഹചര്യത്തില്‍ ഇന്ന് സഭാനടപടികള്‍ നിര്‍ണായകമാകും.

ഉച്ചയ്ക്ക് 11 മണിക്കാണ് സഭാസമ്മേളനം തുടങ്ങുക. വിമതര്‍ സഭയിലെത്തണമെന്ന് സ്പീക്കര്‍ക്ക് നിര്‍ദ്ദേശിക്കാനാകില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിപ്പിന്‍റെ നിയമസാധ്യതയില്‍ വ്യക്തത വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സ്പീക്കര്‍ ഇന്ന് മറുപടി നല്‍കിയേക്കും.

Trending News