ചന്ദ്രയാന്‍-2 നാളെ കുതിച്ചുയരും; ലോഞ്ച് റിഹേഴ്സല്‍ പൂര്‍ത്തിയായി
ഇന്ത്യ ആവേശത്തോടെ കാത്തിരുന്ന രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2വിന്‍റെ ലോഞ്ച് റിഹേഴ്സല്‍ പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ശ്രീഹരിക്കോട്ട: ഇന്ത്യ ആവേശത്തോടെ കാത്തിരുന്ന രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2വിന്‍റെ ലോഞ്ച് റിഹേഴ്സല്‍ പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ജൂലൈ 22ാം തിയതി ഉച്ചതിരിഞ്ഞ് 2:43ന് ചന്ദ്രയാന്‍-2 കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാവും വിക്ഷേപണം.
കഴിഞ്ഞ 15ന് നടത്താനിരുന്ന ചന്ദ്രയാന്‍-2 വിക്ഷേപണം അവസാനഘട്ട പരിശോധനയില്‍ കണ്ടെത്തിയ സാങ്കേതിക തകരാര്‍ മൂലം മാറ്റി വയ്ക്കുകയായിരുന്നു. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിനില്‍ക്കെയായിരുന്നു ഇത്.
വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂർ കൗണ്ട്‍ഡൗൺ ഇന്ന് വൈകിട്ട് 6.43ന് ആരംഭിക്കും. കൗണ്ട് ഡൗൺ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങും. ദ്രവ ഇന്ധനഘട്ടമായ എൽ 110ലും ഖര ഇന്ധന ഘട്ടമായ സ്ട്രാപ്പോണുകളിലും ആണ് ആദ്യം ഇന്ധനം നിറയ്ക്കുന്നത്. കൗണ്ട് ഡൗണിന്‍റെ അവസാന മണിക്കൂറിലാണ് മൂന്നാം ഘട്ടമായ ക്രയോജനിക് സ്റ്റേജിലേക്കുള്ള ഇന്ധനം നിറയ്ക്കുന്നത്. ദ്രവീകൃത ഹൈഡ്രജനും ദ്രവീകൃത ഓക്സിജനുമാണ് ഈ ഘട്ടത്തിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ ഇന്ധനം നിറച്ചതിന് പിന്നാലെയാണ് ജൂലൈ 15ന് സാങ്കേതിക തകരാർ കണ്ടെത്തിയത്. തുടർന്നാണ് വിക്ഷേപണം മാറ്റിയത്. എന്നാൽ പിഴവുകളെല്ലാം പരിഹരിച്ചാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണത്തറയിൽ എത്തിച്ചിരിക്കുന്നത്.
അതേസമയം, വിക്ഷേപണം നിശ്ചയിച്ചതിലും ഏഴ് ദിവസം വൈകിയെങ്കിലും സെപ്റ്റംബർ ആറിന് തന്നെ ചന്ദ്രനിൽ സോഫ്റ്റ് ലാന്‍റിംഗ് നടത്താനാണ് ഐ.എസ്.ആര്‍.ഒ തീരുമാനം. ഇതിനായി ചന്ദ്രയാൻ 2 പേടകത്തിന്‍റെ ചന്ദ്രനിലേക്കുള്ള യാത്രാ പദ്ധതിയിലടക്കം ഐ.എസ്.ആര്‍.ഒ മാറ്റങ്ങൾ വരുത്തിയിരിയ്ക്കുകയാണ്.
നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്‍ററിനെ ചന്ദ്രനിൽ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്‍ററും ഓർബിറ്ററും തമ്മിൽ വേർപെടാൻ പോകുന്നത് 43 ആം ദിവസമാണ്. നേരത്തെ ഇത് അൻപതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്. വളരെ കുറച്ച് സമയം കൊണ്ടാണ് ഐ.എസ്.ആര്‍.ഒ ശാസത്രജ്‌ഞർ ഏറെ സങ്കീർണ്ണായ ഈ കണക്കുകൂട്ടലുകൾ പൂർത്തിയാക്കിയത്.
ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ ചന്ദ്രദൗത്യമാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2. 978 കോടി രൂപയാണ് ദൗത്യത്തിന്‍റെ ചിലവ്. ഇതില്‍ 603 കോടി രൂപ ചന്ദ്രയാന്‍ രണ്ടിന്‍റെയും 375 കോടി രൂപ ജി.എസ്.എല്‍.വി വിക്ഷേപണവാഹനത്തിന്‍റെയും ചിലവാണ്.
നേരത്തേ ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാനും കുറഞ്ഞ ചെലവിലാണ് ഐ.എസ്.ആര്‍.ഒ നടത്തിയത്. മംഗള്‍യാനു വേണ്ടി വെറും 470 കോടി രൂപയായിരുന്നു ഇന്ത്യ ചെലവഴിച്ചത്. നാസയുടെ അപ്പോളോ ദൗത്യത്തില്‍ നിന്നും റഷ്യയുടെ ലൂണ ദൗത്യത്തില്‍ നിന്നും വ്യത്യസ്തമാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം.
അമേരിക്കയുടേയും റഷ്യയുടേയും പര്യവേഷണവാഹനങ്ങള്‍ ഇറങ്ങിയത് ചന്ദ്രന്‍റെ മധ്യരേഖാ പ്രദേശത്തായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ 2ലെ ഐ.എസ്.ആര്‍.ഒയുടെ പര്യവേഷണവാഹനം ഇറങ്ങുന്നത് ചന്ദന്‍റെ ദക്ഷിണധ്രുവപ്രദേശത്താണ്.
നിലവില്‍ റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രനില്‍ പര്യവേക്ഷണം നടത്തിയിട്ടുള്ളത്.