ദിഗ് വിജയ് സിംഗിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബജരംഗദള്‍

ബിജെപിയ്ക്കും ബജരംഗദളിനുമെതിരെ ആരോപണം ഉന്നയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ദിഗ് വിജയ് സിംഗിനെതിരെ നിയമ നടപടിയെടുക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനര്‍ സോഹന്‍ സോളങ്കി വ്യക്തമാക്കി.

Last Updated : Sep 1, 2019, 07:14 PM IST
ദിഗ് വിജയ് സിംഗിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബജരംഗദള്‍

ഭോപ്പാല്‍: ബിജെപിയ്ക്കും ബജരംഗദളിനുമെതിരെ ആരോപണം ഉന്നയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ദിഗ് വിജയ് സിംഗിനെതിരെ നിയമ നടപടിയെടുക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനര്‍ സോഹന്‍ സോളങ്കി വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐയില്‍ നിന്ന് ബിജെപിയും ബജരംഗദളും പണം പറ്റുന്നുണ്ടെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് നടത്തിയ ആരോപണം. രാജ്യത്ത് പാക്കിസ്ഥാനുവേണ്ടി ചാരപ്പണി നടത്തുന്നത് മുസ്ലീങ്ങളെക്കാള്‍ മറ്റുള്ളവരാണെന്നും ഇക്കാര്യത്തിലും ശ്രദ്ധ പതിയേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ആര്‍എസ്‌എസും ബജരംഗദളും പശു സംരക്ഷണത്തിന്‍റെ പേരില്‍ കച്ചവടമാണ് നടത്തുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ബീഫ് കഴിച്ചിരുന്നു. സൈന്യത്തെ പോറ്റാന്‍ ബ്രിട്ടീഷുകാര്‍ പശുക്കളെ അറുത്തിരുന്നുവെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. 

പാക് ഭീകരസംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിന് ബജ്റംഗദള്‍ നേതാവ് ബല്‍റാം സിങ് അടക്കം അഞ്ച് പേരെ ആഗസ്റ്റ് 21ന് മധ്യപ്രദേശിലെ സത്നയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിഗ്വിജയ് സിങിന്റെ വിമര്‍ശനം.

അതേസമയം, ദിഗ് വിജയ് സിംഗിന്‍റെ ഈ പ്രസ്താവനയ്ക്കെതിരെയാണ് ബജരംഗദള്‍ രംഗത്തെത്തിയിരിയ്ക്കുന്നത്. ആരോപണം തെറ്റാണെന്നും ദിഗ് വിജയ സിംഗിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പാര്‍ട്ടി ദേശീയ കണ്‍വീനര്‍ വ്യക്തമാക്കി.

ബല്‍റാം പാര്‍ട്ടി അംഗമല്ല, മഴക്കാലത്ത് അന്ധനാവുന്നവര്‍ക്ക് കാണുന്നതെല്ലാം പച്ച, ബജരംഗദള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താറില്ല, സോഹന്‍ സോളങ്കി പറഞ്ഞു.

‘മഴക്കാലത്ത് ആരെങ്കിലും അന്ധനാവുകയാണെങ്കില്‍, അവര്‍ ജീവിതകാലം മുഴുവന്‍ പച്ചപ്പാണ് കാണുക. ഹിന്ദു വിരുദ്ധ മാനസികാവസ്ഥയില്‍ ദിഗ് വിജയ് സിംഗ് ജി അന്ധനായി, അതിനാല്‍ അദ്ദേഹത്തിന് രാജ്യത്തെ ഹിന്ദു സംഘടനകള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കഴിയില്ല', സോഹന്‍ സോളങ്കി പറഞ്ഞു.

‘ബല്‍റാം ഒരിക്കലും പാര്‍ട്ടിയില്‍ അംഗമല്ല. ദേശീയ രാഷ്ട്രീയത്തില്‍ ദിഗ് വിജയ് സിംഗിന്‍റെ പ്രാധാന്യം നഷ്ടപ്പെടുന്നതിനാല്‍ അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടുന്നതിനായി ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്’ സോഹന്‍ സോളങ്കി വ്യക്തമാക്കി. 

 

 

Trending News