അമൃത്‍സർ ട്രെയിൻ അപകടം: വിശദീകരണവുമായി ലോക്കോപൈലറ്റ്

ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണ രൂപം റെയിൽ ട്രാക്കിന് സമീപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു.

Updated: Oct 20, 2018, 08:19 AM IST
അമൃത്‍സർ ട്രെയിൻ അപകടം: വിശദീകരണവുമായി ലോക്കോപൈലറ്റ്

പഞ്ചാബ്: അമൃത്‍സറില്‍ ദസറ ആഘോഷത്തിനിടെ ട്രെയിൻ തട്ടി ആളുകൾ മരിച്ച സംഭവത്തിൽ വിശദീകരണവുമായി ലോക്കോപൈലറ്റ്. അപകടം ഉണ്ടായതിന് തൊട്ടുടത്ത നിമിഷം അടുത്ത റെയിൽവെ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചിരുന്നതായി ലോക്കോപൈലറ്റ് വ്യക്തമാക്കി. 

 

 

ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണ രൂപം റെയിൽ ട്രാക്കിന് സമീപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. അമൃത്‍സറിനടുത്ത് ജോധ ഫടക് മേഖലയില്‍ ചൗര ബസാറിലാണ് ദുരന്തം. വൈകീട്ട് 7 മണിക്ക് പഠാന്‍കോട്ടില്‍ നിന്ന് അമൃത്‍സറിലേയ്ക്ക് വരികയായിരുന്ന ജലന്തര്‍ എക്സ്പ്രസാണ് അപകടത്തിന് കാരണമായത്. അപകടത്തിന് ശേഷം ട്രെയിൻ സർവ്വീസ് നിർത്തിവച്ചതായും ലോക്കോപൈലറ്റ് പറഞ്ഞു.  

ആഘോഷത്തോട് അനുബന്ധിച്ച് രാവണന്‍റെ രൂപം കത്തിക്കുന്ന ചടങ്ങ് റയില്‍വേ ട്രാക്കിന് സമീപത്താണ് സംഘടിപ്പിച്ചിരുന്നത്. പഞ്ചാബ് മന്ത്രി നവ്‍ജോത് സിങ് സിദ്ദുവിന്‍റെ ഭാര്യ നവ്‍ജോത് കൗര്‍ സിദ്ദു ആഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു. 

 

 

രാവണ രൂപം കത്തിക്കുകയും പടക്കം പൊട്ടുകയും ചെയ്തപ്പോള്‍ ആളുകള്‍ ട്രാക്കിലേയ്ക്ക് കയറി നിന്നു. ഇതിനിടെയാണ് ട്രെയിന്‍ പാഞ്ഞെത്തിയത്. പടക്കം പൊട്ടുന്ന ശബ്ദം കാരണം ആളുകള്‍ ട്രെയിനിന്‍റെ വരവറിഞ്ഞില്ല. ട്രെയിന്‍ ഹോണടിക്കുകയോ, സംഭവസ്ഥലത്തെ ലെവല്‍ക്രോസ് അടക്കുകയോ ചെയ്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 

സുരക്ഷാവീഴ്ച്ച ആരോപിച്ച് നാട്ടുകാര്‍ ദുരന്തസ്ഥലത്ത് പ്രതിഷേധിച്ചു. അതേസമയം, ലെവല്‍ക്രോസ് അടച്ചിരുന്നുവെന്ന് റെയില്‍വേ അറിയിച്ചു. 700 ൽ അധികം പേര്‍ അപകടസ്ഥലത്തുണ്ടായിരുന്നു. അപകടത്തിൽ മരണം 61 കടന്നതായി പൊലീസ് വ്യക്തമാക്കി. ആഘോഷത്തിൽ സംഘാടകരുടെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായതായി സൂചനയുണ്ട്. 

മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.