വെട്ടുകിളികള്‍ ഡല്‍ഹിയോട് അടുക്കുന്നു;കരുതിയിരിക്കണമെന്ന് ഗുരുഗ്രാമില്‍ മുന്നറിയിപ്പ്!

ഗുരുഗ്രാമില്‍ വെട്ടുകിളി ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി നഗര ഭരണകൂടം രംഗത്ത്.

Last Updated : Jun 27, 2020, 11:42 AM IST
വെട്ടുകിളികള്‍ ഡല്‍ഹിയോട് അടുക്കുന്നു;കരുതിയിരിക്കണമെന്ന് ഗുരുഗ്രാമില്‍ മുന്നറിയിപ്പ്!

ന്യൂഡല്‍ഹി:ഗുരുഗ്രാമില്‍ വെട്ടുകിളി ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി നഗര ഭരണകൂടം രംഗത്ത്.

മുന്‍ കരുതല്‍ എന്ന നിലയില്‍ ഗുരുഗ്രാം നിവാസികള്‍ ജനലുകള്‍ അടച്ചിടാന്‍ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെട്ടുകിളികളെ അകറ്റാനായി പാത്രങ്ങള്‍ കൊട്ടി ശബ്ദം ഉണ്ടാക്കണം എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ വെട്ടുകിളികൂട്ടം മഹേന്ദ്രഗഡ് ജില്ലയില്‍ എത്തിയിട്ടുണ്ട്.അത് റെവരി അതിര്‍ത്തിയില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്.

ഈ സാഹചര്യത്തിലാണ് ഗുരുഗ്രാം നിവാസികളോട് മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് നഗര ഭരണകൂടം മുന്നറിയിപ്പ് നല്‍കിയത്.

കര്‍ഷകര്‍ തങ്ങളുടെ കീടനാശിനി തളിക്കുന്ന പമ്പ് ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുന്നതിനായി സജ്ജമാക്കി വെയ്ക്കണം എന്നും 
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെട്ടുകിളികളെ കുറിച്ച് ഗ്രാമങ്ങളില്‍ ബോധവല്‍ക്കരണം നടത്തണം എന്ന് കൃഷി വകുപ്പിന് ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് വെട്ടുകിളികളുടെ ആക്രമണം തടയുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം എന്ന് 
ഹരിയാന ചീഫ് സെക്രട്ടറി കൃഷി വകുപ്പിനും ജില്ലാ ഭരണ കൂടത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Also Read:ഭീതി അകലാതെ രാജ്യം;കൊറോണ വൈറസ്‌ ബാധിതര്‍ അഞ്ച് ലക്ഷം പിന്നിട്ടു!

പാട്ടകള്‍,പാത്രങ്ങള്‍ എന്നിവ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കുകയാണെങ്കില്‍ വെട്ടുകിളികള്‍ക്ക് ഒരു സ്ഥലത്ത് തങ്ങാന്‍ 
സാധിക്കില്ലെന്ന് അധികൃതര്‍ പറയുന്നു.കര്‍ഷകര്‍ തങ്ങളുടെ കാര്‍ഷിക വിളകള്‍ വെട്ടുകിളികള്‍ നശിപ്പിക്കുമോ എന്ന ആശങ്കയിലാണ്.

പാത്രം കൊട്ടല്‍,കീടനാശിനി പ്രയോഗം അങ്ങനെ സാധ്യമായതെല്ലാം ചെയ്തുകൊണ്ട് തങ്ങളുടെ കാര്‍ഷിക വിളകളെ സംരക്ഷിക്കുന്നതിന് കര്‍ഷകര്‍ തയ്യാറായിട്ടുണ്ട്.
പാക്കിസ്ഥാന്‍,ഇറാന്‍ എന്നിവിടങ്ങളില്‍ രൂക്ഷമായ വെട്ടുകിളി ആക്രമണമാണ് ഉണ്ടായത്.പാകിസ്ഥാനില്‍ നിന്നാണ് ഇന്ത്യയിലേക്ക്‌ കൂട്ടമായി വെട്ടുകിളികള്‍ എത്തിയത്.

Trending News