പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി; വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇത് പ്രായോഗികമല്ലെന്നും ആദ്യം വിവിപാറ്റുകൾ എണ്ണിയാൽ ഫലപ്രഖ്യാപനം മൂന്ന് ദിവസത്തേയ്ക്ക് വൈകുമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.  

Updated: May 22, 2019, 02:27 PM IST
പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി; വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വിവിപാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വോട്ടിംഗ് മെഷീനിലെ വോട്ട് എണ്ണിയ ശേഷമേ വിവിപാറ്റ് എണ്ണുകയുള്ളൂ.

ആദ്യം വിവിപാറ്റ് രസീതുകൾ എണ്ണണമെന്നും അതും വോട്ടുകളുമായി ഒത്തുപോയില്ലെങ്കിൽ ആ മണ്ഡലത്തിലെ എല്ലാ വിവിപാറ്റുകളും എണ്ണി വോട്ടുകളുമായി ഒത്തു നോക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. 

ഇത് പ്രായോഗികമല്ലെന്നും, ആദ്യം വിവിപാറ്റുകൾ എണ്ണിയാൽ ഫലപ്രഖ്യാപനം മൂന്ന് ദിവസത്തേയ്ക്ക് വൈകുമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.

ചൊവ്വാഴ്ച വിവിപാറ്റ് മെഷീനുകളെക്കുറിച്ചുള്ള ആശങ്ക അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടപ്പോഴാണ് പ്രതിപക്ഷ നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്. പ്രതിപക്ഷത്തിന്‍റെ പരാതിയെ തുടര്‍ന്നാണ് ഇന്ന് കമ്മീഷന്‍ യോഗം ചേര്‍ന്നത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, കമ്മീഷണര്‍മാരായ അശോക് ലവാസ, സുശീല്‍ ചന്ദ്ര എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.