ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: കമല്‍ഹാസന്‍

തനിക്ക് മത്സരിക്കാന്‍ അല്ല തന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്‍റെ സ്ഥാനാര്‍ത്ഥികളുടെ വിജയിത്തിനായി പ്രവര്‍ത്തിക്കാനാണ് താല്‍പര്യം.  

Updated: Mar 25, 2019, 10:03 AM IST
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: കമല്‍ഹാസന്‍

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. ഇന്നലെ കോയമ്പത്തൂരില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

തനിക്ക് മത്സരിക്കാന്‍ അല്ല തന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്‍റെ സ്ഥാനാര്‍ത്ഥികളുടെ വിജയിത്തിനായി പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്ന്‍ കമല്‍ഹാസന്‍ പറഞ്ഞു. പാര്‍ട്ടി പ്രകടന പത്രികയും സ്ഥാനാര്‍ഥികളുടെ രണ്ടാം ഘട്ട പട്ടികയും ഇന്ന് ചെന്നെയില്‍ നടക്കുന്ന ചടങ്ങില്‍ പുറത്തുവിടും എന്നാണ് സൂചന.   

പാര്‍ട്ടിക്കായി ഒരുപാട് ജോലികള്‍ ചെയ്യാനുണ്ടെന്നും എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും എന്റെ മുഖങ്ങളാണെന്നും തേര് തെളിക്കാനാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ 18 നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും താന്‍ മത്സരിക്കില്ലെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

വന്‍ വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് മക്കള്‍ നീതി മയ്യം പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. 50 ലക്ഷം തൊഴില്‍ അവസരങ്ങള്‍, സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം, തുല്യ ജോലിക്ക് തുല്യ വരുമാനം, കര്‍ഷകര്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങളുമായാണ് മക്കള്‍ നീതി മയ്യം ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്.

ഈ ആഴ്ച മക്കള്‍ നീതി മയ്യം 21 സീറ്റിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരുന്നു. എന്നാല്‍ അന്ന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കമല്‍ഹാസന്‍ മറുപടി നല്‍കിയിരുന്നു. അതിനിടയിലാണ് താന്‍ മത്സരിക്കുന്നില്ലയെന്ന തീരുമാനവുമായി കമല്‍ഹാസന്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.