പശ്ചിമബംഗാളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഒരു ദിവസത്തെ പ്രചാരണമാണ് വെട്ടിക്കുറച്ചത്. തിരഞ്ഞെടുപ്പ് സമയക്രമം അനുസരിച്ചു നാളെയാണ് പരസ്യ പ്രചാരണം നിര്‍ത്തേണ്ടിയിരുന്നത്.  

Updated: May 16, 2019, 08:28 AM IST
പശ്ചിമബംഗാളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ അവസാനഘട്ട തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ വ്യാപകമായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധാരണ ഉത്തരവിലൂടെ പ്രചാരണ സമയം വെട്ടിക്കുറച്ചു.

ഒരു ദിവസത്തെ പ്രചാരണമാണ് വെട്ടിക്കുറച്ചത്. തിരഞ്ഞെടുപ്പ് സമയക്രമം അനുസരിച്ചു നാളെയാണ് പരസ്യ പ്രചാരണം നിര്‍ത്തേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് രാത്രി പത്തുമണിക്ക് ശേഷം ഒരു തരത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും പാടില്ലെന്നാണ് കമ്മീഷന്‍റെ ഉത്തരവ്.

ഭരണഘടനയിലെ പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 324 പ്രകാരമാണ് പ്രചാരണം വെട്ടിക്കുറക്കാനുള്ള നടപടി കമ്മീഷന്‍ സ്വീകരിച്ചത്.  രാജ്യത്ത് ആദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ അധികാരം ഉപയോഗിക്കുന്നത്.

കഴിഞ്ഞദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റോഡ്‌ ഷോയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. റാലിക്കിടെ നവോത്ഥാന നായകനായ വിദ്യാസാഗറിന്‍റെ പ്രതിമ തകര്‍ത്ത സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കി. 

സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ബിജിപി വാദിച്ചെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ തൃണമുല്‍ കോണ്‍ഗ്രെസ് പുറത്ത് വിട്ടിരുന്നു.

കമ്മിഷന്‍ ഉത്തരവിനെതിരെ ആഞ്ഞടിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കമ്മിഷന്‍ ബി.ജെ.പിക്ക് വേണ്ടി സംസ്ഥാനത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം ഒരുക്കുകയാണെന്നും കമ്മിഷന്‍ നടപടി നിയമവിരുദ്ധവും അധാര്‍മ്മികവുമാണെന്നും കുറ്റപ്പെടുത്തുകയും ചെയ്തു. 

മമതാ ബാനര്‍ജിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ്സും കമ്മീഷന്‍റെ ഈ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.