ജനവിധി ഇന്ന്; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം

രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ഒൻപത് മണിയോടെ ആദ്യ ഫലങ്ങൾ അറിഞ്ഞു തുടങ്ങും.  

Updated: May 23, 2019, 06:14 AM IST
ജനവിധി ഇന്ന്; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അടുത്ത അഞ്ച് വര്‍ഷം ഇന്ത്യന്‍ ഭരണത്തിന്‍റെ കടിഞ്ഞാണ്‍ ആരുടെ കയ്യുകളിലാണെന്ന് ഇന്നറിയാം.

ഏഴു ഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ഫലമാണ് അല്‍പ്പസമയത്തിനുള്ളില്‍ പുറത്ത് വരുന്നത്. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ഒൻപത് മണിയോടെ ആദ്യ ഫലങ്ങൾ അറിഞ്ഞു തുടങ്ങും.

ആര് ഭരണത്തിലേറുമെന്നതിന്‍റെ ഫലസൂചനകള്‍ ഉച്ചയോടെ ലഭിക്കും. വോട്ടിംഗ് മെഷീനുകള്‍ക്ക് പുറമെ ഓരോ നിയമസഭ മണ്ഡലങ്ങളിലേയും വിവിപാറ്റ് കൂടി എണ്ണേണ്ടതിനാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം രാത്രിയോടെ മാത്രമേ ഉണ്ടാകു.

ഏപ്രില്‍ 11 മുതല്‍ 19 വരെ നടന്ന വോട്ടെടുപ്പില്‍ 67.11 % പോളിംഗാണ് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം എക്‌സിറ്റ് ഫലങ്ങള്‍ പ്രകാരം ഉറച്ച ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ.

കേരളത്തിലും വിപുലമായ സജ്ജീകരണങ്ങളാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 227 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. 29 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെണ്ണല്‍. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. വോട്ടിംഗ് യന്ത്രത്തിലെ എണ്ണല്‍ എട്ടരയോടെ ആരംഭിക്കും.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സംസ്ഥാന പൊലീസ് സേന പ്രവേശിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. കേന്ദ്ര സേനയ്ക്കായിരിക്കും ഇവിടങ്ങളിലെ സുരക്ഷാ ചുമതല. അതേസമയം വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തെ സുരക്ഷാ ചുമതല കേരള സായുധ സേനക്കാണ്. 

കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ്, പിലാത്ത, ഇരിട്ടി ഭാഗങ്ങളിലാണ് സംഘര്‍ഷ സാധ്യത കൂടുതല്‍. തെരഞ്ഞെടുപ്പ് ദിവസം മുതല്‍ തന്നെ ഈ പ്രദേശങ്ങളിലെല്ലാം പോലീസ് പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്. പ്രശ്‌നബാധിതപ്രദേശങ്ങളില്‍ അധികമായി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.