പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

ആദ്യ കടമ്പ കടന്ന് പൗരത്വ ഭേദഗതി ബില്‍. ബില്‍ ലോക്സഭ പാസാക്കി. 

Sheeba George | Updated: Dec 9, 2019, 02:21 PM IST
പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

ന്യൂഡല്‍ഹി: ആദ്യ കടമ്പ കടന്ന് പൗരത്വ ഭേദഗതി ബില്‍. ബില്‍ ലോക്സഭ പാസാക്കി. 

ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ 82 പേര്‍ എതിര്‍ത്തപ്പോള്‍ 293 പേര്‍ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. ബില്‍ അവതരിപ്പിക്കുന്നതിനാല്‍ ബിജെപി അംഗങ്ങള്‍ക്ക് 9 മുതല്‍ 12 വരെ സഭയില്‍ ഹാജരാകാന്‍ വിപ്പ് നല്കിയിട്ടുണ്ട്.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ ഒഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വത്തിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. 

പൗരത്വ ഭേദഗതി ബില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് ബില്ലവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം. ഇറങ്ങിപ്പോകുകയല്ല വേണ്ടത്. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ഏത് ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, അവതരണാനുമതി തേടി സംസാരിക്കുന്നതിനിടെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ നിരയില്‍ നിന്നും ഉയര്‍ന്നത്. 
ബില്‍ രാജ്യത്തെ രണ്ടായി വിഭജിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ന്യൂനപക്ഷങ്ങളെ വേട്ടായാടാനുള്ള ഉദ്ദേശം മാത്രമാണ് ബില്ലിനുള്ളതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 

എന്നാല്‍, മതത്തിന്‍റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നതാണ് ബില്ലെന്നും ന്യനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള ബില്ലാണ് ഇതെന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രജ്ഞന്‍ ചൗധരി പറഞ്ഞു. അമിത് ഷാ പറയുന്നു ഇത് ഒരു ശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് എന്നാല്‍ ഇത് നൂറ് ശതമാനവും ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ്, അദ്ദേഹം പറഞ്ഞു.

അതേസമയം, നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്തിരുന്നു. കോണ്‍ഗ്രസിന് പുറമെ ഇടത് പാര്‍ട്ടികള്‍, ആര്‍.ജെ.ഡി, ഡി.എം.കെ, മുസ്ലീംലീഗ്, എസ്.പി, ബി.എസ്.പി, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ ബില്ലിനെ എതിര്‍ത്തിരുന്നു.

ലോക്സഭയില്‍ ബില്‍ പാസായ സ്ഥിതിയ്ക്ക് 11ന് തന്നെ രാജ്യസഭയിലും ബില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.