ലോക്സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം: 3 മണിവരെ 47% പോളിംഗ്

പതിനേഴാം ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 

Last Updated : Apr 29, 2019, 05:49 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം: 3 മണിവരെ 47% പോളിംഗ്

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 

രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമ്മു-കശ്മീരിലെ അനന്ത് നാഗ് ഉൾപ്പെടെ 9 സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. മഹാരാഷ്ട്രയിലും ഒഡീഷയിലും ഈ ഘട്ടത്തോടെ പോളിംഗ് പൂർത്തിയാകും. 
നാലാം ഘട്ട പോളിംഗിലും തികഞ്ഞ ഉത്സാഹമാണ് വോട്ടര്‍മാരില്‍ കാണുവാന്‍ കഴിയുന്നത്‌. 

ഉച്ചതിരിഞ്ഞ് 3 മണിവരെ 72 മണ്ഡലങ്ങളില്‍ 47% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. നിരവധി മണ്ഡലങ്ങളില്‍ അക്രമസംഭവങ്ങള്‍ രേഖപ്പെടുത്തിയ പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. ബീഹാര്‍ 44.07%, ജമ്മു-കശ്മീരിലെ അനന്ത് നാഗ് 8.42%, മധ്യപ്രദേശ്‌ 52.40%, മഹാരാഷ്ട്ര 37.46%, ഒഡിഷ 46.11%, രാജസ്ഥാന്‍ 50.81%, ഉത്തര്‍ പ്രദേശ്‌ 42.93%, പശ്ചിമ ബംഗാള്‍ 65.29%, ഝാർഖണ്ഡ്‌ 56.37% എന്നിങ്ങനെയാണ് പോളിംഗ് നടന്നിരിക്കുന്നത്.
 
അതേസമയം, ഭരണ കക്ഷിയായ ബിജെപിയ്ക്ക് ഏറെ നിര്‍ണ്ണായകമാണ് നാലാം ഘട്ട തിരഞ്ഞെടുപ്പ്. പാര്‍ട്ടിയുടെ പല മുതിര്‍ന്ന നേതാക്കളും ഈ ഘട്ടത്തില്‍ ജനവിധി തേടുകയാണ്. കൂടാതെ, ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 72 മണ്ഡലങ്ങളില്‍ 56 മണ്ഡലങ്ങളില്‍ 2014ൽ ബിജെപിയ്ക്കായിരുന്നു വിജയം. കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത് വെറും 2 സീറ്റുകള്‍ മാത്രം. ബാക്കി മണ്ഡലങ്ങളില്‍ വിജയം നേടിയത് തൃണമൂൽ കോൺഗ്രസ്, ബിജെഡി അടക്കമുള്ള പ്രാദേശികതലത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള പാര്‍ട്ടികളാണ്‌. അതിനാല്‍തന്നെ ബിജെപിയ്ക്ക് ഈ ഘട്ടം അഭിമാനപോരാട്ടമാണ്.  

കഴിഞ്ഞവര്‍ഷം സംസ്ഥാനത്തു നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ വ്യാപക അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍കരുതലെന്നോണം ബോല്‍പുരിലെ തൃണമൂല്‍ ജില്ലാ അദ്ധ്യക്ഷന്‍ അനുബ്രത മണ്ഡലിനെ വീട്ടുതടങ്കലിലാക്കിയിരുന്നു.

പശ്ചിമ ബംഗാളില്‍ നിരവധി മണ്ഡലങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു എന്നതൊഴിച്ചാല്‍ മറ്റു സംസ്ഥാനങ്ങളിലെ ബാക്കി മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് സമാധാനപൂര്‍ണ്ണമായിരുന്നു. 

 

Trending News