ലോക്സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം: 3 മണിവരെ 50.72% പോളിംഗ്

പതിനേഴാം ലോക്സഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 6 മണിക്കാണ് അവസാനിക്കുക 

Last Updated : May 6, 2019, 04:55 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം: 3 മണിവരെ 50.72% പോളിംഗ്

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 6 മണിക്കാണ് അവസാനിക്കുക 

7 സംസ്ഥാനങ്ങളില്‍ നിന്നായി 51 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏകദേശം 9 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ടവകാശം വിനിയോഗിക്കുക. ഭരണകക്ഷിയായ ബിജെപിയ്ക്കും കോണ്‍ഗ്രസിനുമൊപ്പം പല പ്രാദേശിക കക്ഷികള്‍ക്കും ഏറെ നിര്‍ണ്ണായകമാണ് അഞ്ചാംഘട്ട വോട്ടെടുപ്പ്. 

ദേശീയ ശ്രദ്ധ നേടിയ മണ്ഡലങ്ങളായ അമേത്തി, റായ്ബറേലി, ലഖ്നൗ ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ പതിനാലും മധ്യപ്രദേശിലെയും പശ്ചിമബംഗാളിലെയും ഏഴ് മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടും. കൂടാതെ, അഞ്ചാം ഘട്ടത്തില്‍ ജനവിധി നേരിടുന്ന പ്രമുഖരില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എതിരാളി സ്മൃതി ഇറാനി, യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവരാണ്. ഒളിമ്പ്യന്‍മാരുടെ പോരാട്ടം നടക്കുന്ന രാജസ്ഥാനിലെ ജയ്പൂര്‍ റൂറലാണ് മറ്റൊരു ശ്രദ്ധേയ മണ്ഡലം. കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് ഡിസ്കസ് ത്രോ താരം കൃഷ്ണ പൂനിയെയാണ്. 

ഉച്ചതിരിഞ്ഞ് 3 മണിവരെ 51 മണ്ഡലങ്ങളില്‍ 50.72% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. അതേസമയം പശ്ചിമ ബംഗാളിലെ നിരവധി മണ്ഡലങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു എങ്കിലും നല്ല പോളിംഗ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. വോട്ടിംഗ് യന്ത്ര തകരാര്‍ അമേത്തി മണ്ഡലത്തില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

3 മണിവരെ ബീഹാര്‍ 44.08%, ജമ്മു-കശ്മീര്‍ 15.34%, മധ്യപ്രദേശ്‌ 54.22%, രാജസ്ഥാന്‍ 50.40%, ഉത്തര്‍ പ്രദേശ്‌ 44.89%, പശ്ചിമ ബംഗാള്‍ 62.88%, ഝാർഖണ്ഡ്‌ 58.63% എന്നിങ്ങനെയാണ് പോളിംഗ് നടന്നിരിക്കുന്നത്.

രാഷ്ട്രീയ കായിക രംഗത്തെ നിരവധി പ്രമുഖര്‍ ഈ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി. ക്രിക്കറ്റ് താരം എം എസ് ധോണിയും ഭാര്യയും റാഞ്ചിയിലെ ജെവിഎം ശ്യാമിലി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. 

അഞ്ചാംഘട്ടത്തില്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന 51 മണ്ഡലങ്ങളില്‍ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമായിരുന്നു ബിജെപി നേടിയിരുന്നത്. 51ല്‍ 38 സീറ്റുകളായിരുന്നു മോദി തരംഗത്തില്‍ കഴിഞ്ഞ തവണ ബിജെപി സ്വന്തമാക്കിയത്. അതേസമയം കോണ്‍ഗ്രസിന് കിട്ടിയത് വെറും രണ്ട് സീറ്റ് മാത്രമായിരുന്നു.

ഉത്തര്‍പ്രദേശിലെ 14 സീറ്റുകളിലാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 14ല്‍ 12 സീറ്റുകളായിരുന്നു കഴിഞ്ഞ തവണ മോദി തരംഗത്തില്‍ ബിജെപി തൂത്തുവാരിയത്. കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത് സോണിയ ഗാന്ധിയുടെ റായബറേലിയും രാഹുല്‍ ഗാന്ധിയുടെ അമേത്തിയും മാത്രമായിരുന്നു. ഇത്തവണ എസ്പി-ബിഎസ്പി സഖ്യമാണ് ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് കനത്ത വെല്ലുവിളിയുയര്‍ത്തുന്നത്.

 

 

Trending News