ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം!! അവസാനഘട്ട വോട്ടെടുപ്പ് ഞായറാഴ്ച

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഏഴാമത്തേതും അവസാനത്തേതുമായ ഘട്ടത്തിന്‍റെ പരസ്യ പ്രചാരണം ഇന്ന് 5 മണിക്ക് അവസാനിക്കും. 

Updated: May 17, 2019, 01:58 PM IST
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം!! അവസാനഘട്ട വോട്ടെടുപ്പ് ഞായറാഴ്ച

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഏഴാമത്തേതും അവസാനത്തേതുമായ ഘട്ടത്തിന്‍റെ പരസ്യ പ്രചാരണം ഇന്ന് 5 മണിക്ക് അവസാനിക്കും. 

7 സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണ പ്രദേശത്തേയും 59 ലോകസഭ മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തില്‍ പോളിംഗ് നടക്കുക. 19നാണ് വോട്ടെടുപ്പ് നടക്കുക. 

പഞ്ചാബ് 13, ഉത്തര്‍പ്രദേശ് 13, ബംഗാള്‍ 9, ബീഹാര്‍ 8, മധ്യപ്രദേശ് 8, ഹിമാചല്‍ പ്രദേശ് 4, ഝാർഖണ്ഡ് 3, ഛണ്ഡീഗഢ് 1 എന്നിങ്ങനെയാണ് 19ന് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.

19ന് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും ദേശീയ ശ്രദ്ധ നേടിയ മണ്ഡലമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണാസി. പ്രധാനമന്ത്രിയുള്‍പ്പെടെ 918 സ്ഥാനാര്‍ത്ഥികളാണ് ഏഴാംഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍, ശത്രുഘന്‍ സിന്‍ഹ, കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്, നടന്‍ സണ്ണി ഡിയോള്‍ എന്നിവരാണ് അവസാന ഘട്ടത്തില്‍ വിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍.

അതേസമയം, പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്ന 9 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം വ്യാഴാഴ്ച രാത്രി 10 മണിയോടെ അവസാനിച്ചിരുന്നു. സംസ്ഥാനത്ത് നടക്കുന്ന തൃണമൂല്‍ ‍- ബിജെപി ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം വെട്ടിക്കുറച്ചത്.