ഛത്തീസ്ഗഢില്‍ നിലപാട് കടുപ്പിച്ച് ബിജെപി; സിറ്റിംഗ് എംപിമാര്‍ക്കും ബന്ധുക്കള്‍ക്കും സീറ്റില്ല!!

ഛത്തീസ്ഗഢില്‍ കടുത്ത നടപടികളുമായി ബിജെപി ദേശീയ നേതൃത്വം. സിറ്റിംഗ് എംപിമാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഇത്തവണ ടിക്കറ്റ് ലഭിക്കില്ല.

Last Updated : Mar 20, 2019, 11:48 AM IST
ഛത്തീസ്ഗഢില്‍ നിലപാട് കടുപ്പിച്ച് ബിജെപി; സിറ്റിംഗ് എംപിമാര്‍ക്കും ബന്ധുക്കള്‍ക്കും സീറ്റില്ല!!

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ കടുത്ത നടപടികളുമായി ബിജെപി ദേശീയ നേതൃത്വം. സിറ്റിംഗ് എംപിമാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഇത്തവണ ടിക്കറ്റ് ലഭിക്കില്ല.

ഇന്നലെ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം 5 മണിക്കൂര്‍ നീണ്ടു. യോഗം ഇന്നും തുടരുമെന്നാണ് സൂചന. യോഗത്തില്‍ നിരവധി സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.  

അതേസമയം, വളരെ നിര്‍ണ്ണായകമായ തീരുമാനമാണ് ഛത്തീസ്ഗഢുമായി ബന്ധപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് സമിതി കൈക്കൊണ്ടിരിക്കുന്നത്. 10 സിറ്റിംഗ് എംപിമാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഇത്തവണ ടിക്കറ്റ് ലനല്‍കേണ്ടെന്ന തീരുമാനമാണ് അത്. 2018 നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം നഷ്ടപ്പെടാന്‍ ഇവര്‍ കൂടി കാരണമാണെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഉള്‍പ്പാര്‍ട്ടി പിണക്കങ്ങള്‍, മുന്‍ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരം, എംപിമാരുടെ പ്രവര്‍ത്തനം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം. 

ഛത്തീസ്ഗഢില്‍ ആകെ 11 ലോക്സഭ സീറ്റാണ് ഉള്ളത്. 2014 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച സംസ്ഥാനമാണ് ഛത്തീസ്ഗഢ്. 11ല്‍ 10 സീറ്റും ബിജെപി നേടിയിരുന്നു. ഒരു സീറ്റാണ് കോണ്‍ഗ്രസ്‌ നേടിയത്. 

എന്നാല്‍, 2018ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കഥ മാറി. കോണ്‍ഗ്രസ്‌ സംസ്ഥാനത്ത് അപ്രതീക്ഷിത വിജയമാണ് നേടിയത്. 

അതിനാല്‍, നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി ലോക്‌സഭ തിരഞ്ഞെടുപ്പിലുണ്ടാവരുതെന്ന വ്യക്തമായ കണക്കുകൂട്ടലിലാണ്  ബിജെപി നേതൃത്വം. ചൊവ്വാഴ്ച രാത്രി വൈകി ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിന്‍റെ തീരുമാനം പാര്‍ട്ടിയിലെ നിരവധി മുന്‍പന്മാര്‍ക്ക് തിരിച്ചടിയായിരിക്കുമെന്നകാര്യത്തില്‍ സംശയമില്ല. റായ്പൂര്‍ എംപി രമേഷ് ബൈസ്, മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗിന്‍റെ മകനും രാജ്നന്ദ് ഗാവ് എംപിയുമായ അഭിഷേക് സിംഗിനുമൊക്കെ ഈ തീരുമാനം തിരിച്ചടിയായേക്കും. മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗിനെ, രാജ്നന്ദ് ഗാവില്‍ മത്സരിപ്പിക്കണമോയെന്ന കാര്യത്തിലും പാര്‍ട്ടി തീരുമാനമായിട്ടില്ല.

എന്നാല്‍ ഈ നടപടി ഛത്തീസ്ഗഢീല്‍ മാത്രമായിരിക്കില്ല. ഇതേ നടപടികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചേക്കുമെന്നാണ് സൂചന. പാര്‍ട്ടിയുടെ ഭരണം നഷ്ടപ്പെട്ട രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരം കടുത്ത നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 

 

 

Trending News