സര്‍ക്കാര്‍ ഉദ്യോഗസ്ഥരേ, വിദേശ യാത്രയ്ക്ക് ഒരുങ്ങിക്കോളൂ...

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി പേഴ്‌സണല്‍ മന്ത്രാലയം. എല്‍.ടി.സി (ലീവ് ട്രാവല്‍ കണ്‍സഷന്‍) പരിധിയില്‍ ഇനി വിദേശയാത്രയുമാവാം.

Last Updated : Jul 29, 2018, 03:31 PM IST
സര്‍ക്കാര്‍ ഉദ്യോഗസ്ഥരേ, വിദേശ യാത്രയ്ക്ക് ഒരുങ്ങിക്കോളൂ...

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി പേഴ്‌സണല്‍ മന്ത്രാലയം. എല്‍.ടി.സി (ലീവ് ട്രാവല്‍ കണ്‍സഷന്‍) പരിധിയില്‍ ഇനി വിദേശയാത്രയുമാവാം.

കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്‍റെ ശുപാര്‍ശയിലൂടെയാണ് കേന്ദ്രജീവനക്കാര്‍ക്ക് ഈ സുവര്‍ണ്ണാവസരമൊരുങ്ങുന്നത്. 5 മദ്ധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് കേന്ദ്രജീവനക്കാര്‍ക്ക് അവസരം ലഭിക്കുക. മദ്ധ്യ ഏഷ്യന്‍ രാജ്യങ്ങളായ ഖസാക്കിസ്ഥാന്‍, തുര്‍ക്മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് എല്‍.ടി.സി പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. മദ്ധ്യ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

പേഴ്‌സണല്‍ മന്ത്രാലയത്തിന്‍റെ ശുപാര്‍ശ, നിര്‍ദ്ദേശങ്ങള്‍ക്കായി മറ്റ് വകുപ്പുകള്‍ക്ക് അയച്ചു കൊടുത്തിരിക്കുകയാണ്. ആഭ്യന്തര, വിനോദ, വ്യോമയാന വകുപ്പുകള്‍ക്കാണ് നിര്‍ദ്ദേശത്തിനായി അയച്ചുകൊടുത്തിരിക്കുന്നത്. യോഗ്യതയുള്ള കേന്ദ്ര ഗവൺമെന്‍റ് ജീവനക്കാർക്ക് അവധി അനുവദിക്കുക, ടിക്കറ്റ് തുക തിരിച്ചു നൽകൽ തുടങ്ങിയവ LTCയുടെ ഘടകങ്ങള്‍ ആയതിനാല്‍ മറ്റ് വകുപ്പുകളുടെകൂടി നിര്‍ദ്ദേശം ഇതിന് ആവശ്യമാണ്. 

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.സി സംവിധാനത്തിലൂടെ സാര്‍ക്ക് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ശുപാര്‍ശ കഴിഞ്ഞ മാര്‍ച്ചില്‍ പേഴ്‌സണല്‍ മന്ത്രാലയം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ അത് പ്രായോഗികമല്ലെന്ന തീരുമാനത്തെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. 

എല്‍.ടി.സി സംവിധാനത്തിലൂടെ വിദേശ യാത്രയ്ക്ക് ഭാഗ്യം ലഭിക്കുക ഏകദേശം 48.41 ലക്ഷം വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ്.

 

 

More Stories

Trending News