തെലങ്കാന ഡോക്ടറുടെ കൊലപാതകം: കുറ്റവാളികളെ പൊതുജനത്തിന് വിട്ടുകൊടുക്കണം

ഇവരുടെ ശിക്ഷ ജനക്കൂട്ടം നടത്തിക്കൊള്ളുമെന്നുപറഞ്ഞ എംപി ഇത്തരക്കാരെ പരസ്യമായി തല്ലികൊല്ലണമെന്നും രാജ്യസഭയില്‍ പറഞ്ഞു.     

Last Updated : Dec 2, 2019, 01:28 PM IST
തെലങ്കാന ഡോക്ടറുടെ കൊലപാതകം: കുറ്റവാളികളെ പൊതുജനത്തിന് വിട്ടുകൊടുക്കണം

ന്യൂഡല്‍ഹി: തെലങ്കാനയില്‍ മൃഗഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളികളെ പൊതുജനത്തിന് വിട്ടു കൊടുക്കണമെന്ന്‍ സമാജ്‌വാദി പാര്‍ട്ടി എംപി ജയാ ബച്ചന്‍.

ഇവരുടെ ശിക്ഷ ജനക്കൂട്ടം നടത്തിക്കൊള്ളുമെന്നുപറഞ്ഞ എംപി ഇത്തരക്കാരെ പരസ്യമായി തല്ലികൊല്ലണമെന്നും രാജ്യസഭയില്‍ പറഞ്ഞു. രാജ്യസഭയില്‍ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കവേയായിരുന്നു എംപിയുടെ പരാമര്‍ശം. 

നിര്‍ഭയ കേസില്‍ ഇതുവരെ നീതി ലഭിച്ചിട്ടില്ലയെന്നും ഈ കേസില്‍ നീതി ലഭിക്കുമോയെന്ന് സര്‍ക്കാര്‍ കൃത്യമായ ഉത്തരം നല്‍കണമെന്നും എംപി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. 

കൊലപാതകത്തെ രാജ്യസഭ ഒന്നടങ്കം അപലപിച്ചു. സംഭവം സമൂഹത്തിനും മൂല്യവ്യവസ്ഥയ്ക്കും അപമാനമാണെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യനായിഡു പറഞ്ഞു.  മാത്രമല്ല ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. 

എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന്‍ അന്വേഷിക്കുകയും അതിനായി പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുകയും വേണമെന്നും പ്രതികളോട് ഒരു മമതയും കാണിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.  

കേസില്‍ എത്രയും പെട്ടെന്ന് തീരുമാനമാകണമെന്നും ഡിസംബര്‍ 31 ന് മുന്‍പ് തന്നെ പ്രതികളെ തൂക്കിലേറ്റണമെന്നും എഐഎഡിഎംകെ നേതാവായ വിജില സത്യനാഥന്‍ സഭയില്‍ ആവശ്യപ്പെട്ടു. വളരെയധികം ദുഖത്തോടെയായിരുന്നു എംപി സംസാരിച്ചത്. മാത്രമല്ല ഈ കേസിനായി അതിവേഗ കോടതി രൂപീകരിക്കണമെന്നും നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും അവര്‍ സഭയില്‍ പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ തങ്ങളുടെ സംസ്ഥാനത്ത് സംഭവിക്കണമെന്ന് ആരും ആഗ്രഹിക്കുകയില്ലെന്നും നിയമങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്നും കര്‍ശനമായ ശിക്ഷകള്‍ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ്‌ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചത്. ലൈംഗികാക്രമണത്തിന് ഇരയാക്കിയ ശേഷം അക്രമികള്‍ ഇരുപത്തിയാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

Read more: മൃഗഡോക്ടറുടെ മരണം അസ്വസ്ഥമാക്കുന്നു -പ്രിയങ്ക ഗാന്ധി

More Stories

Trending News