മധ്യപ്രദേശ് മന്ത്രിസഭാ വിപുലീകരണം ജൂണ്‍ 30ന് ...!! സിന്ധ്യ പക്ഷത്തിന് നിരാശ?

  കമല്‍നാഥ്‌ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരമേറ്റ് 3 മാസങ്ങള്‍ക്ക് ശേഷം  രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തിന് ഒരുങ്ങുകയാണ് ഒരുങ്ങുകയാണ് മധ്യപ്രദേശ്  മുഖ്യമന്ത്രി  ശിവരാജ് സിംഗ് ചൗഹാന്‍.

Last Updated : Jun 29, 2020, 12:39 PM IST
മധ്യപ്രദേശ്  മന്ത്രിസഭാ വിപുലീകരണം ജൂണ്‍ 30ന് ...!! സിന്ധ്യ പക്ഷത്തിന് നിരാശ?

ഭോപ്പാല്‍ :  കമല്‍നാഥ്‌ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരമേറ്റ് 3 മാസങ്ങള്‍ക്ക് ശേഷം  രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തിന് ഒരുങ്ങുകയാണ് ഒരുങ്ങുകയാണ് മധ്യപ്രദേശ്  മുഖ്യമന്ത്രി  ശിവരാജ് സിംഗ് ചൗഹാന്‍.

മന്ത്രിസഭാ വിപുലീകരണം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി  ശിവരാജ് സിംഗ് ചൗഹാന്‍ ഡല്‍ഹിയില്‍ എത്തിയിരിയ്ക്കുകയാണ്.

മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച്, ബിജെപി ദേശീയ  അദ്ധ്യക്ഷന്‍ ജെ പി നദ്ദ, ബി എൽ സന്തോഷ്, കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ എന്നിവരുമായി മുഖ്യമന്ത്രി  ശിവരാജ് സിംഗ് ചൗഹാന്‍ നീണ്ട ചർച്ച നടത്തി.   മധ്യപ്രദേശ് സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ വി ഡി ശർമ്മ, സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി സുഹാസ് ഭഗത് എന്നിവരും  ശിവരാജ് സിംഗ് ചൗഹാനൊപ്പം  ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.  

മന്ത്രിസഭാ വിപുലീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ശിവരാജ് സിംഗ് ചൗഹാന്‍ ചര്‍ച്ച നടത്തിയിരുന്നു.

പുറത്തുവരുന്ന സൂചനകള്‍ അനുസരിച്ച്  ജൂണ്‍ 30ന് പുതിയ മന്ത്രിമാര്‍ അധികാരമേല്‍ക്കും. കൂടാതെ, കഴിഞ്ഞ മന്തിസഭയില്‍ അംഗമായിരുന്ന ചില മുതിര്‍ന്ന നേതാക്കള്‍ക്ക്‌ ഇത്തവണ മന്ത്രിസഭയില്‍  സ്ഥാന൦ ലഭിക്കില്ല എന്നും സൂചനയുണ്ട്.

അതേസമയം, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയുമായി  നേതാക്കളുടെ ചര്‍ച്ച ഇനി ബാക്കിയാണ്.  കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപിക്കൊപ്പം നിന്ന 22 വിമതകോണ്‍ഗ്രസ്‌  എം എല്‍എമാര്‍ക്കും അന്ന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ഇതില്‍ 2 പേര്‍ മാത്രമാണ് ആദ്യ ഘട്ട മന്ത്രിസഭാ വിപുലീകരണത്തില്‍   സ്ഥാനം  ലഭിച്ചത്. ബാക്കിയുളളവര്‍ ചൗഹാന്‍റെ  പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ്. എന്നാല്‍ ഭൂരിപക്ഷം പേരുടേയും കാത്തിരിപ്പ് വെറുതേ ആയേക്കും എന്നാണ്  റിപ്പോര്‍ട്ടുകള്‍. 

രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തില്‍ 22 മുതല്‍ 24 വരെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും. എന്നാല്‍ സിന്ധ്യ ക്യാമ്പില്‍  നിന്നുളള ബാക്കി 20 പേര്‍ക്കും മന്ത്രിസഭയില്‍ ഇടംപിടിക്കാന്‍  സാധിച്ചേക്കില്ല.

മാര്‍ച്ച് 23നാണ് ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.  കോവിഡ് പ്രതിസന്ധിക്കാലത്ത് ഒരു മാസത്തോളം ഏകാംഗ മന്ത്രിസഭ യായിരുന്നു  മധ്യപ്രദേശിനെ നയിച്ചത്. പ്രതിപക്ഷത്ത് നിന്നും കോണ്‍ഗ്രസ് വന്‍ വിമര്‍ശനം ഉയര്‍ത്തിയതോടെ ചൗഹാന്‍ ആദ്യഘട്ട മന്ത്രിസഭാ രൂപീകരണം  നടത്തുകയായിരുന്നു.

Trending News