മഹാരാഷ്ട്ര കൃഷി മന്ത്രി പാണ്ഡുരംഗ് ഫണ്‍കര്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ കൃഷിമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ പാണ്ഡുരംഗ് ഫണ്‍കര്‍ അന്തരിച്ചു. മുംബൈയിലെ സോമാനിയ ആശുപത്രിയിലായിരുന്നു അന്ത്യം. 

Last Updated : May 31, 2018, 05:41 PM IST
മഹാരാഷ്ട്ര കൃഷി മന്ത്രി പാണ്ഡുരംഗ് ഫണ്‍കര്‍ അന്തരിച്ചു

മുംബൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ കൃഷിമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ പാണ്ഡുരംഗ് ഫണ്‍കര്‍ അന്തരിച്ചു. മുംബൈയിലെ സോമാനിയ ആശുപത്രിയിലായിരുന്നു അന്ത്യം. 

1991 മുതല്‍ 1996 വരെ ബി.ജെ.പിയുടെ സംസ്ഥാന യൂണിറ്റ് പ്രസിഡന്റായിരുന്ന പാണ്ഡുരംഗ് അകോള ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്ന് തവണ മത്സരിച്ചിട്ടുണ്ട്.

1978 ലും 1980 ലും കംഗോണ്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച് എം.എല്‍.എയായ അദ്ദേഹം 2016 ജൂലൈയിലാണ് കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

പാണ്ഡുരംഗ് ഫണ്‍കറിന്‍റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു ഇദ്ദേഹമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വേണ്ടി മികച്ച രീതിയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വലിയ ശ്രമങ്ങള്‍ അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നെന്നും മോദി പറഞ്ഞു.

കര്‍ഷകനും കര്‍ഷക സുഹൃത്തും സഹചാരികളുടെ ഉറ്റ മിത്രമായിരുന്നു പാണ്ഡുരംഗ് എന്നും, അദ്ദേഹത്തിന്‍റെ മരണത്തില്‍ ദുഃഖമുണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. 

വകുപ്പിനോട് നീതി പുലര്‍ത്തി കാര്യക്ഷമമായി പ്രവര്‍ത്തിച്ച പാണ്ഡുരംഗിന്‍റെ അപ്രതീക്ഷിത മരണത്തില്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ റാവുസാഹേബ് ഡാണ്‍വെ മന്ത്രി പൂനം മഹാജന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.

 

 

Trending News