മഹാരാഷ്ട്ര: കോണ്‍ഗ്രസ്‌, എന്‍സിപി 125 സീറ്റുകളില്‍ വീതം മത്സരിക്കും

മഹാരാഷ്ട്ര നിയമസഭാ ചൂടിലേയ്ക്ക്!!

Last Updated : Sep 16, 2019, 06:39 PM IST
മഹാരാഷ്ട്ര: കോണ്‍ഗ്രസ്‌, എന്‍സിപി 125 സീറ്റുകളില്‍ വീതം മത്സരിക്കും

മുബൈ: മഹാരാഷ്ട്ര നിയമസഭാ ചൂടിലേയ്ക്ക്!!

ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പ് രാജ്യത്തെ പ്രമുഖ പാര്‍ട്ടികള്‍ ആരംഭിച്ചു കഴിഞ്ഞു. സഖ്യം ഉണ്ടാക്കല്‍, സ്ഥാനാര്‍ഥി ചര്‍ച്ച, തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കല്‍, സര്‍വ്വോപരി ഭരണ കക്ഷിയോടുള്ള ജനങ്ങളുടെ പ്രതികരണം, തുടങ്ങി നിരവധി കാര്യങ്ങളാണ് പാര്‍ട്ടികള്‍ക്ക് ശ്രദ്ധിക്കേണ്ടിയിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യമായാണ് കഴിഞ്ഞ തവണ മത്സരിച്ചത്. പാര്‍ട്ടി ഭരണം കൈയടക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സഖ്യത്തില്‍ വിള്ളല്‍ സംഭവിച്ചിരിക്കുന്നതായി സൂചനകള്‍ പുറത്തുവരുന്നുണ്ട് എങ്കിലും സഖ്യം തുടരുമെന്ന സൂചനയാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്നത്.

സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമാണ് കോണ്‍ഗ്രസ്‌-എന്‍സിപി സഖ്യം. പാര്‍ട്ടി തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ അറിയിച്ചു. കോണ്‍ഗ്രസും എന്‍സിപിയും 125 സീറ്റുകളില്‍ വീതം മത്സരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാസിക്കിൽ പത്രസമ്മേളനത്തിലാണ് ശരദ് പവാർ ഇക്കാര്യം അറിയിച്ചത്. 

കൂടാതെ, ബാക്കിയുള്ള സീറ്റുകൾ സഖ്യത്തിലെ മറ്റ് പാർട്ടികൾക്ക് നൽകുമെന്ന് ശരദ് പവാർ പറഞ്ഞു. കൂടാതെ, കോണ്‍ഗ്രസും എന്‍സിപിയും 15-20 സീറ്റുകൾ വച്ചുമാറാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയ ഗാന്ധിയും ശരദ് പവാറും തമ്മില്‍ കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടന്നിരുന്നു. 

മഹാരാഷ്ട്ര നിയമസഭയിൽ ആകെ 288 സീറ്റാണ് ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 122 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് 2 മാസമാണ് ശേഷിച്ചിരിക്കുന്നത്.

 

Trending News